ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയെ ഭാരത് ജോഡോ യാത്രയിൽനിന്ന് വോട്ടെടുപ്പ് കഴിയുന്നതുവരെ മാറ്റിനിർത്തി. സ്വന്തം സംസ്ഥാനമായ കർണാടകത്തിലൂടെ യാത്ര കടന്നുപോകുമ്പോൾ സ്ഥലത്തുണ്ടായിരുന്നിട്ടും ഖാർഗെ പങ്കെടുത്തില്ല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം കർണാടകത്തിൽ രാഹുലിനൊപ്പം യാത്രയിൽ പങ്കുചേർന്നപ്പോഴും സ്ഥലത്തുണ്ടായിരുന്ന ഖാർഗെയോട് വിട്ടുനിൽക്കാനായിരുന്നു നിർദേശം.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ഒപ്പമല്ല നെഹ്റു കുടുംബമെന്നു വരുത്താനും നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനുമായിരുന്നു ഇത്. നെഹ്റു കുടുംബാംഗങ്ങളുടെ ഈ താൽപര്യം ഖാർഗെയെ അറിയിക്കുകയായിരുന്നു. ബെല്ലാരിയിൽ 15ന് നിശ്ചയിച്ചിരിക്കുന്ന റാലിയിലും പങ്കെടുക്കേണ്ട എന്നാണ് നിർദേശം. എതിർ സ്ഥാനാർഥി ശശി തരൂർ കേരളത്തിൽവെച്ച് യാത്രയിൽ പങ്കെടുക്കുകയും രാഹുൽ ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത് നാമനിർദേശ പത്രിക നൽകുന്നതിനു മുമ്പാണ്. 17നാണ് വോട്ടെടുപ്പ്. 19ന് ഫലപ്രഖ്യാപനം. തൊട്ടടുത്ത ദിവസം പുതിയ പ്രസിഡന്‍റ് ഭാരത് ജോഡോ യാത്രയിൽ പങ്കു ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.