ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പതിനായിരങ്ങൾ പങ്കെടുത്ത കർഷക മഹാപഞ്ചായത്ത്.
കേന്ദ്രസർക്കാറിന് മുന്നറിയിപ്പുമായി ഡൽഹി രാംലീല മൈതാനിയിൽ തിങ്കളാഴ്ച നടന്ന മഹാപഞ്ചായത്തിൽ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കർഷകർ ഒഴുകിയെത്തിയത്. കർഷകനിയമം പിൻവലിക്കാൻ ഡൽഹി അതിർത്തിയിൽ ഒരുവർഷത്തിലധികം നീണ്ട ഐതിഹാസിക രാപ്പകൽ ഉപരോധസമരം പിൻവലിക്കാൻ 2021 ഡിസംബർ ഒമ്പതിന് സംയുക്ത കിസാൻ മോർച്ചക്ക് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും മഹാപഞ്ചായത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക, വിഷയത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി രൂപവത്കരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കർഷകനേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാർഷികവായ്പകളും എഴുതിത്തള്ളുക, കർഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബിൽ അടിയന്തരമായി പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, കർഷകർക്ക് പെൻഷൻ നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ നിവേദനം നൽകി. ആവശ്യങ്ങൾ സർക്കാർ നിറവേറ്റിയില്ലെങ്കിൽ മറ്റൊരു പ്രതിഷേധത്തിന് നിർബന്ധിതരാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ‘ദിവസവും പ്രതിഷേധിക്കാൻ കർഷകർ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങൾ അത് ചെയ്യാൻ നിർബന്ധിതരാകുന്നു. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ നേരത്തെ നടന്നതിനെക്കാൾ വലിയ സമരം ഉണ്ടാകുമെന്ന്’ കർഷകനേതാവ് ദർശൻ പാൽ പറഞ്ഞു.
ഏപ്രിൽ 30ന് ഡൽഹിയിൽ കർഷകസംഘടനകൾ യോഗംചേരും. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിൽ റാലികളും മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും ദർശൻ പാൽ അറിയിച്ചു. മഹാപഞ്ചായത്ത് കണക്കിലെടുത്ത് കർശന സുരക്ഷാക്രമീകരണങ്ങളാണ് തിങ്കളാഴ്ച ഡൽഹിയിൽ ഏർപ്പെടുത്തിയത്. ഡൽഹി പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും 25 കമ്പനികളെ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.