ജയ്​ ഭീം ചോര കിനിയുന്ന ജീവിതത്തിന്‍റെ ഏട്​; അവാർഡുകൾ മതിയാകില്ല -ശൈലജ ടീച്ചർ

നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന തമിഴ്​ സിനിമയായ ജയ്​ ഭീമിനെയും അണിയറ പ്രവർത്തകരെയും ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദിച്ച്​ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. തന്‍റെ ഫേസ്​ ബുക്ക്​ പേജിലാണ്​ ടീച്ചറുടെ കുറിപ്പുള്ളത്​. ജയ്​ ഭീം മനുഷ്യ ജീവിതത്തിന്‍റെ ചോര കിനിയുന്ന ഒരേടാണെന്ന്​ അവർ വിശേഷിപ്പിച്ചു. സിനിമ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്ന ഫ്യൂഡൽ വ്യവസ്​ഥയുടെയും ജാതി വിവേചനത്തിന്‍റെയും നേർപ്പതിപ്പാണ്​. മലയാളിയായ ലിജോ മോൾ ജോസഫ്​ കഥാപാത്രമായി പരകായപ്രവേശം ചെയ്യുകയായിരുന്നു. ഏത്​ അവാർഡ്​ നൽകിയാലും മതിയാകില്ല. ടീച്ചറുടെ കുറിപ്പിൽ പറയുന്നു.


 



ഫേസ്​ ബുക്ക്​ കുറിപ്പിന്‍റെ പൂർണ രൂപം:

ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഫ്യൂഡൽ ജാതിവിവേചനത്തിൻറെയും ഭരണകൂടഭീകരതയുടെയും നേർകാഴ്ചയാണത്.

ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേൽകോയ്മയുടെ ദുരനുഭവങൾ നാം കാണുന്നുണ്ട്.സമഭാവനയുടെ കണികപോലുംമനസ്സിൽ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ്‌ മർദ്ദനമുറകൾ ചൂണ്ടികാട്ടുന്നത്.അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമിൽ കണ്ടഭീകരമർദ്ദനമുറകൾക്കാണ്.

സ്വാതന്ത്ര്യത്തിന്റെ ദീർഘമേറിയ വർഷങ്ങൾ പിന്നിട്ടിട്ടും അംമ്പേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതർക്ക് വെളിച്ചത്തിലേക്ക് വരാൻ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യംമൂലമാണ്.

ജസ്റ്റിസ് ചന്ദ്രു എന്നകമ്മൂണിസ്റ്റ് പാവങ്ങൾക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൻറെ യഥാർത്ഥ അനുഭവങ്ങളാണ് ജ്ഞാനവേൽ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ

അതുല്യമായ പ്രകടനത്തിൽ ജീവിതത്തിന്റെ നേർകാഴ്ചയായതും.

ലിജോമോൾ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.

ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാർഡ് നൽകിയാലാണ് മതിയാവുക.ശക്തമായ സ്ത്രീ കഥാപാത്രത്തിൻറെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നു.രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠൻമനസ്സിൽ നിന്ന് അത്രവേഗത്തിൽ മഞ്ഞു പോകില്ല.പ്രകാശ്രാജും പോലീസ്കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.

മാർക്സാണ് എന്നെ അംബേദ്​കറിൽ എത്തിച്ചതെന്നു പറഞ്ഞ യഥാർഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു)നാടിന്‍റെ അഭിമാനമായി മാറുന്നു.

മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിർമ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.

Tags:    
News Summary - KK Shailaja teacher Praising Jai Bhim Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.