ന്യൂഡൽഹി: ബി.ജെ.പിയുടെ കള്ളപ്പണ ശൃംഖലയെ സംരക്ഷിക്കുകയാണ് കൊടകര കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചെയ്യുന്നതെന്ന് ആരോപിച്ച് ലോക്സഭയിൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ആണ് ലോക്സഭയിൽ വിഷയമുന്നയിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കാൻ റിട്ട. ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
പ്രധാന പ്രതികൾ ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് തുറന്നുസമ്മതിച്ചിട്ടും, വലിയ ഗൂഢാലോചനയെ സൗകര്യപൂർവം അവഗണിച്ച് ഇ.ഡി കേസ് വെറും കള്ളപ്പണ ഇടപാടായി ചുരുക്കി. ഭരണകക്ഷിയുടെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവർത്തിക്കുന്ന അപകടകരമായ രീതിയാണ് കാണിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ ബി.ജെ.പി നേതാക്കളുടെ ഇടപെടലിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഓപറേഷന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്തുന്നതിൽ ഇ.ഡി പരാജയപ്പെട്ടു.
എന്തുകൊണ്ടാണ് അനധികൃത പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഇ.ഡി അന്വേഷിക്കാത്തതെന്നും ബി.ജെ.പിയുടെ കണക്കിൽെപ്പടാത്ത തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമാണോ ഈ പണമെന്നും അദ്ദേഹം ചോദിച്ചു. ഭരിക്കുന്ന പാർട്ടിയുടെ കവചമായിട്ടല്ല, നിയമ സംരക്ഷകരായാണ് ഇ.ഡി പ്രവർത്തിക്കേണ്ടതെന്നും സുരേഷ് ഓർമിപ്പിച്ചു. പിന്നാലെ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാർ അടക്കം പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ ഇറങ്ങിപ്പോക്കും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.