കോട്ട: കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഏപ്രിൽ രണ്ടിന് ജെ.ഇ.ഇ-മെയിൻ പരീക്ഷ എഴുതേണ്ടിയിരുന്ന 18 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ വർഷത്തെ പത്താമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ട്.
കാൺപൂർ സ്വദേശിയായ ഉജ്ജ്വല്‍ മിശ്ര എന്ന വിദ്യാർഥിയാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ലഖ്‌നോവിലായിരുന്നു ഉജ്ജ്വലിന്‍റെ പരീക്ഷ കേന്ദ്രം. വിദ്യാർഥിയുടെ പിതാവ് ദീപക് കുമാർ മിശ്ര തിങ്കളാഴ്ച കോട്ടയിലെത്തുകയും കുട്ടിയെ യു.പിയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ട്രെയിൻ വരുന്നത് കണ്ട് കുട്ടി ട്രാക്കിൽ കിടന്നതായി ലോക്കോ പൈലറ്റ് വ്യക്തമാക്കി. സംഭവം ഉടൻ തന്നെ റെയിൽവേ പൊലീസിനെ അറിയിച്ചു. വേഗത കാരണം ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ പക്കൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. ഉജ്ജ്വല്‍ ഒരു ശരാശരി വിദ്യാർഥിയായിരുന്നെന്നും എന്തെങ്കിലും പ്രശ്നം ഉള്ളതായി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മൃതദേഹം ഏറ്റുവാങ്ങിയ ശേഷം പിതാവ് പറഞ്ഞു. പരീക്ഷ എഴുതാന്‍ താന്‍ വേണ്ടത്ര തയാറെടുത്തിട്ടില്ലെന്ന് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പിതാവിന് കൈമാറിയതായും വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.