ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി മാർച്ച് നാലിന് അവസാനിക്കാനിരിക്കെ നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ) കത്തയച്ചു. 2014 സെപ്റ്റംബർ ഒന്നിന് ശേഷം വിരമിച്ചവർക്കും ഇപ്പോഴും സർവിസിൽ തുടരുന്നവർക്കും ജോയിന്‍റ് ഓപ്ഷൻ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കാനും മന്ത്രാലയം നിർദേശിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം കത്ത് നൽകിയത്. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച തന്നെ ഇ.പി.എഫ്.ഒ സർക്കുലർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് പാർലമെന്‍റിന്‍റെ ബജറ്റ് സെഷനിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര തൊഴിൽമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
നിലവിൽ പി.എഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 പേർ പദ്ധതിയിൽ തുടരുന്നുണ്ട്. വിരമിച്ച ജീവനക്കാരിൽ ഭൂരിപക്ഷത്തിനും ആയിരം രൂപയിൽ കുറഞ്ഞ പെൻഷനാണ് ലഭിക്കുന്നത്. നിഷ്‌ക്രിയമായ അക്കൗണ്ടുകളിൽ 4000 കോടിയോളം നിലവിലുണ്ട്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ജീവനക്കാർ ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന ഉത്തരവ് നേടിയത്. ഈ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കാൻ വേണ്ട എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കാൻ ഇ.പി.എഫ്.ഒക്ക് തൊഴിൽമന്ത്രാലയം കർശനനിർദേശം നൽകണമെന്ന് ജോൺബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ പറഞ്ഞത്. സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് നിർദേശം ഉടൻ നൽകുമോയെന്ന ചോദ്യത്തിന്, ഉത്തരവ് വിശദമായി പഠിച്ചുവരികയാണ് എന്നായിരുന്നു തൊഴിൽ മന്ത്രാലയം മറുപടി നൽകിയിരുന്നത്.
കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. നിലവിൽ ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് പോയിരുന്നുള്ളൂ. അതിനാല്‍ അതനുസരിച്ചുള്ള കുറഞ്ഞ പെന്‍ഷനാണ് തൊഴിലാളിക്ക് ലഭിച്ചിരുന്നത്. എന്നാൽ, ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ.പി.എസിലേക്ക് വകമാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാനാണ് സുപ്രീംകോടതി അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.