supreme court

കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിശ്വാസക്കുറവ് -സുപ്രീംകോടതി

ന്യൂഡൽഹി: കടമെടുപ്പ് വിഷയത്തിൽ രണ്ട് ഭരണഘടന സ്ഥാപനങ്ങൾ തമ്മിൽ വിശ്വാസക്കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര- കേരള തർക്കത്തിൽ സുപ്രീംകോടതി. മറ്റു വിഷയങ്ങൾ പോലെയല്ല കേരളത്തിന്റെ ഈ കേസ്. ഭരണഘടനാ തത്ത്വങ്ങൾ വെച്ച് തീർപ്പാക്കേണ്ടതാണ്. കോടതിക്ക് എന്തുമാത്രം ഇടപെടാനാകുമെന്നും നോക്കണം. അടുത്ത സാമ്പത്തിക വർഷം ഇത്തരമൊരു വിഷയം മറ്റൊരു സംസ്ഥാനത്തിനുമുണ്ടാകാത്ത തരത്തിൽ കേരളത്തിന്റെ ഹരജി തീർപ്പാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

കേരളം കടുത്ത പ്രയാസത്തിൽ -സിബൽ

ശമ്പളവും പെൻഷനും ക്ഷാമബത്തയും നൽകാനാകാതെ കേരളം കടുത്ത പ്രയാസത്തിലാണെന്ന് അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഓവർ ഡ്രാഫ്റ്റ് ഭീഷണിയുണ്ട്. കേന്ദ്ര സർക്കാറിന്റെ കത്ത് പ്രകാരമാണ് കടമെടുപ്പിന് അനുമതി ആവശ്യപ്പെടുന്നത്. സാംസ്കാരിക-രാഷ്ട്രീയ വൈവിധ്യം പോലെ വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളും വ്യത്യസ്തമാണ്.

ജനസാന്ദ്രത കൂടിയ കേരളത്തിൽ വിനോദ സഞ്ചാരവും ഐ.ടിയുമാണ് വരുമാന മാർഗങ്ങൾ. മനുഷ്യ വിഭവം വികസിപ്പിക്കുകയാണ് പ്രധാന കടമ. ബജറ്റ് വിഹിതം അനുവദിക്കുമ്പോൾ കേരളം കണക്കിലെടുക്കുന്നതും ഇതാണ്. മുൻഗണന കേന്ദ്രമല്ല, സംസ്ഥാനമാണ് തീരുമാനിക്കുക. കേന്ദ്രം ധനവിനിയോഗ പരിധി ലംഘിക്കുകയാണെന്നും സിബൽ വാദിച്ചു.

കോടതി ഇടപെട്ടാൽ പ്രത്യാഘാതം -കേന്ദ്രം

വിഷയത്തിൽ കോടതി ഇടപെട്ട് ഉത്തരവുണ്ടായാൽ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറ്റോണി ജനറലും അഡീഷനൽ സോളിസിറ്റർ ജനറലും മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി ഇടപെടൽ അനിവാര്യമാണെന്ന തോന്നലുണ്ടാക്കുകയാണ് കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബലെന്ന് എ.ജിയും എ.എസ്.ജിയും കുറ്റപ്പെടുത്തി.

ദേശീയവും പ്രാദേശികവുമായ സങ്കീർണതകളുള്ള വിഷയത്തിലേക്ക് കോടതി പ്രവേശിക്കരുത്. സംസ്ഥാനങ്ങളുടെ ധനവിനിയോഗം കേന്ദ്രം പരിഗണിക്കേണ്ടതാണ്. ഒരു സംസ്ഥാനവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കുമുന്നിൽ ബാധ്യതയാകാൻ പാടില്ലെന്നും ഇരുവരും പറഞ്ഞു.

Tags:    
News Summary - Lack of trust between Kerala and Center -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.