തിരൂരങ്ങാടി: ലോക്ഡൗണിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതിരുന്ന ലക്ഷദ്വീപ് വിദ്യാർഥിനിക്ക് സ്വന്തം വീട്ടിൽ സംരക്ഷണമൊരുക്കി ജില്ല പഞ്ചായത്ത് അംഗം. മലപ്പുറം നന്നമ്പ്ര ഡിവിഷൻ അംഗം തെന്നല കൊടക്കല്ല് സ്വദേശി യാസ്മിൻ അരിമ്പ്രയാണ് ലക്ഷദ്വീപ് കടവത്ത് ദ്വീപിലെ ബഷീർ-ഉമ്മുകുൽസു ദമ്പതികളുടെ മകൾ മുബശ്ശിറക്ക് അഭയമൊരുക്കിയത്.
വയനാട് സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജിലെ ബി.എസ്സി ബോട്ടണി അവസാന വർഷ വിദ്യാർഥിനിയാണ് മുബശ്ശിറ. ലോക്ഡൗൺ മൂലം ലക്ഷദ്വീപിലേക്ക് കപ്പലില്ലാതായതോടെ രണ്ട് മാസത്തോളമായി യാസ്മിെൻറ കൂടെയാണ് താമസം. ഏപ്രിൽ 29ന് പരീക്ഷ പ്രഖ്യാപിച്ചതിനാൽ നാട്ടിൽനിന്ന് കോളജിലേക്ക് എത്തിയതായിരുന്നു. പക്ഷേ, കോവിഡ് വ്യാപിച്ചതോടെ പരീക്ഷ മാറ്റുകയും നാട്ടിൽ പോവാൻ സാധിക്കാതാവുകയും ചെയ്തു. തുടർന്ന് മുബശ്ശിറയുടെ മാതൃസഹോദരി ജമാലിയത്ത് ജാസ്മിനുമായി ബന്ധപ്പെട്ടു. 2017ൽ ജാസ്മിൻ തെന്നല സി.ഡി.എസ് ചെയർപേഴ്സനായിരിക്കെ തെന്നല കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ എത്തിയ 40 അംഗ ലക്ഷദ്വീപ് സംഘത്തിൽ ജമാലിയത്തും ഉണ്ടായിരുന്നു.
ഈ അടുപ്പമാണ് മുബശ്ശിറയെ യാസ്മിെൻറ അടുത്തെത്തിച്ചത്. ഏപ്രിൽ 22 മുതൽ ഇവർ ഒന്നിച്ചാണ് കഴിയുന്നത്. പരീക്ഷ കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങൂ. യാസ്മിെൻറ കൂടെ ലക്ഷദ്വീപ് സംരക്ഷണ സമരത്തിലെല്ലാം മുബശ്ശിറയും പങ്കെടുക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ഭീതിജനകമായ അവസ്ഥയാണെന്ന് പറഞ്ഞ മുബശ്ശിറ കേരളത്തിെൻറ ലക്ഷദ്വീപിനോടുള്ള കരുതലിൽ സന്തോഷവും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.