ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സുപ്രീംകോടതിയിൽ വാദപ്രതിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, പരിധിവിട്ട അഭിഭാഷകനെ കണ്ണുരുട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മര്യാദ കാണിച്ചില്ലെങ്കിൽ കോടതി മുറിയിൽനിന്ന് പുറത്താക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. പരാതിക്കാരുടെ അഭിഭാഷകരിലൊരാളായ മാത്യു ജെ. നെടുമ്പാറക്കാണ് കോടതിയുടെ മുന്നറിയിപ്പ്.
പരാതിക്കാരുടെ സീനിയർ അഭിഭാഷകനായ നരേന്ദർ ഹൂഡയുടെ വാദം നടന്നുകൊണ്ടിരിക്കെ, തനിക്കും സംസാരിക്കാൻ അനുവാദം തരണമെന്ന് മാത്യു ആവശ്യപ്പെടുകയായിരുന്നു. ഹൂഡയുടെ സംസാരത്തിനു ശേഷമാകാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞുവെങ്കിലും, ക്രമം തെറ്റിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നമായത്.
‘ദയവായി ഇരിക്കൂ, അതല്ലെങ്കിൽ താങ്കളെ എനിക്ക് പുറത്താക്കേണ്ടിവരും’ -ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘താങ്കളിലെ ന്യായാധിപൻ എന്നെ അംഗീകരിക്കുന്നില്ലെങ്കിൽ ഞാൻ സ്വയം പുറത്തുപോയിക്കൊള്ളാ’മെന്നായി മാത്യു. അപ്പോൾ ‘സെക്യൂരിറ്റിയെ വിളിക്കൂ’ എന്ന് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.
ഇതിനിടെ, താൻ 1979 മുതൽ ജുഡീഷ്യറിയിലുണ്ടെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച് മാത്യു ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തിയ മാത്യു ബെഞ്ചിനോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. പിന്നീട് വാദത്തിന് അവസരം ലഭിച്ചപ്പോൾ പുനഃപരീക്ഷ എന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.