ചെന്നൈ: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മേഘാലയ ൈഹകോടതിയിലേക്ക് സ്ഥലംമാറ്റിയ കൊളീജിയം നടപടിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ പ്രതിഷേധ ധർണ നടത്തി. തിങ്കളാഴ്ച മദ്രാസ് ബാർ അസോസിയേഷൻ, മദ്രാസ് ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈകോടതി പ്രവേശന കവാട പരിസരത്ത് നടന്ന പരിപാടിയിൽ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ നൂറുകണക്കിനുപേർ അണിനിരന്നു. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കൊളീജിയത്തിന് കത്തെഴുതിയിരുന്നു.
സ്ഥലംമാറ്റ നടപടിക്രമത്തിൽ കൊളീജിയം പ്രഖ്യാപിത മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അഴിമതിക്കെതിരെയും കാര്യക്ഷമത പുലർത്തുന്നതിലും ജസ്റ്റിസ് ബാനർജി കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇപ്പോഴത്തെ തീരുമാനം ജുഡീഷ്യറിയെ ബലഹീനമാക്കുമെന്നും കത്തിൽ പറയുന്നു. 2021 ജനുവരി നാലിനാണ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2021 സെപ്റ്റംബർ 16ന് ചേർന്ന കൊളീജിയം യോഗത്തിലാണ് അദ്ദേഹത്തെ മേഘാലയയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
നവംബർ ഒമ്പതിന് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാറിനുമെതിരെ ചീഫ് ജസ്റ്റിസ് ബാനർജിയടങ്ങിയ ബെഞ്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.