ന്യൂഡൽഹി: കർണാടകത്തിലെ കോൺഗ്രസ് വിജയത്തിന്റെ ഊർജവും ആത്മവിശ്വാസവുമായി വെള്ളിയാഴ്ച വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഐക്യ ചർച്ച. മനപ്പൊരുത്തം ആദ്യം, നേതാവ് പിന്നെ എന്ന പൊതു നിലപാട് തുടക്കത്തിൽ തന്നെ പ്രകടിപ്പിച്ചാണ് ഓരോരുത്തരും പട്നയിൽ സമ്മേളിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തന്ത്രം, സീറ്റ് പങ്കിടൽ, പൊതുമിനിമം പരിപാടി തുടങ്ങിയ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നില്ല.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന പൊതുലക്ഷ്യത്തിലേക്കുള്ള പ്രാരംഭ കേന്ദ്രമായാണ് പട്നയെ വിവിധ പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചത്. അടുത്ത യോഗം എവിടെയാകണം, എന്തൊക്കെ കാര്യങ്ങൾ അവിടെ ചർച്ചചെയ്യണം തുടങ്ങിയവ പട്ന യോഗത്തിൽ തീരുമാനിക്കും. കേന്ദ്രസർക്കാർ വിളിച്ച മണിപ്പൂർ സർവകക്ഷി യോഗം ശനിയാഴ്ച നടക്കാനിരിക്കേ, യോഗത്തിൽ സ്വീകരിക്കേണ്ട പൊതുനിലപാട്, കേന്ദ്രസർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾ എന്നിവയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ചേരുന്ന യോഗം ചർച്ച ചെയ്യും.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതു പാർട്ടികൾ, സമാജ്വാദി പാർട്ടി, ശിവസേന എന്നിങ്ങനെ കൈകൊടുക്കാൻ മടിയുള്ള പാർട്ടികൾ ബി.ജെ.പിയെ തുരത്തുകയെന്ന പൊതുലക്ഷ്യത്തിന് ഒന്നിക്കുന്ന അപൂർവതയാണ് പട്ന സമ്മേളനത്തിന്റെ പ്രത്യേകത. ഇവക്കൊപ്പം എൻ.സി.പി, ജനതാദൾ-യു, നാഷനൽ കോൺഫറൻസ് തുടങ്ങി 20ഓളം പാർട്ടികളുടെ നായകർ പട്ന യോഗത്തിനുണ്ട്.
ഡൽഹിയിലെ ഉദ്യോഗസ്ഥ നിയന്ത്രണാധികാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരെ കോൺഗ്രസ് പരസ്യ നിലപാട് സ്വീകരിച്ചില്ലെങ്കിൽ യോഗത്തിൽ ഇറങ്ങിപ്പോക്ക് നടത്തുമെന്നാണ് ആം ആദ്മി പാർട്ടി കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. നയിക്കുന്നതാര് എന്ന ചോദ്യമുയർത്തിയാണ് പട്ന സമ്മേളനത്തെയും പ്രതിപക്ഷ ഐക്യ നീക്കത്തെയും ബി.ജെ.പി നേരിടുന്നത്. അത് പ്രധാനമല്ലെന്നും, ബി.ജെ.പിയെ 2024ൽ തോൽപിച്ച ശേഷം അക്കാര്യം കൂട്ടായി തീരുമാനിക്കാവുന്നതേയുള്ളൂ എന്നുമാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്.
ബി.എസ്.പി നേതാവ് മായാവതി, ബി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി എന്നിവർ യോഗത്തിൽനിന്ന് വിട്ടുനിൽക്കും. നയം വ്യക്തമല്ലാത്ത പ്രതിപക്ഷ യോഗം വെറും കൈകൊടുപ്പ് വേദിയാണെന്നും മാനസിക ഐക്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടൽ തർക്കത്തെ തുടർന്ന് സഖ്യകക്ഷിയായ സമാജ്വാദി പാർട്ടിയുമായി അകന്നതാണ്, ചില കുടുംബ പരിപാടികളുണ്ടെന്ന വിശദീകരണത്തോടെ ജയന്ത് ചൗധരി വിട്ടുനിൽക്കാൻ കാരണം. ചന്ദ്രശേഖര റാവുവാകട്ടെ, മൂന്നാം മുന്നണി നടപ്പില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുനിൽക്കുന്നു. കേരളത്തിൽനിന്ന് മുസ്ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് പാർട്ടികളുടെ നേതാക്കളും പട്നയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.