കൊൽക്കത്ത: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ പേരിട്ടുവിളിച്ച ബംഗാൾ സിലുഗുരി സഫാരി പാർക്കിലെ 'സചിൻ പുലി' ചത്തു. 2019ൽ പാർക്കിൽനിന്ന് ചാടിപ്പോയ സചിൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ശനിയാഴ്ചയാണ് പുലി ചത്തത്. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് പാർക്ക് അധികൃതർ പറഞ്ഞു. ഏഴുദിവസമായി സചിൻ അസുഖബാധിതനായിരുന്നു. തുടർന്ന് ഡോക്ടർമാർ പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ കൊൽക്കത്തയിലേക്ക് അയച്ചു.
സചിനെ കൂടാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പേരിട്ടു വിളിച്ച പുലി 'സൗരവും' സഫാരി പാർക്കിലുണ്ട്. ഇവർക്കുപുറമെ കാജൽ, ശീതൾ, നയൻ തുടങ്ങിയവയാണ് മറ്റു പുലികൾ. 297 ഹെക്ടറിലാണ് സഫാരി പാർക്ക്. ബംഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. കടുവ, പുലി, കരടി എന്നിവയാണ് പാർക്കിലെ പ്രധാന ആകർഷണം.
2019ന് ജനുവരി ഒന്നിന് പാർക്കിൽ നിന്ന് ചാടിപ്പോയ സചിൻ വാർത്തകളിൽ നിറഞ്ഞിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം വിശന്നുവലഞ്ഞതോടെ പാർക്കിലേക്ക് തന്നെ അപ്രതീക്ഷിതമായി തിരിച്ചെത്തുകയായിരുന്നു. സചിൻ പാർക്കിൽനിന്ന് പുറത്തുകടന്നത് സമീപ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പുലിയെ കണ്ടെത്താനായി േഡ്രാൺ ഉപയോഗിക്കുകയും കുങ്കിയാനകളെ നിയോഗിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.