മൗലാന മുഹിബ്ബുല്ല നദ്‍വി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം

മൗലാന മുഹിബ്ബുല്ല നദ്‍വിയുടെ ശബ്ദം ഇനി മുഴങ്ങുക പാർലമെന്‍റിനുള്ളിലും

പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ രാജ്യത്തെ മുസ്‍ലിംകളെ അപരവത്കരിക്കുകയും വേട്ടയാടുകയും ചെയ്ത പതിറ്റാണ്ടിൽ പക്വവും ധീരവുമായ ശബ്ദത്താൽ അതിനെ ചോദ്യം ചെയ്യുകയും അറിവും സാമുദായിക ഐക്യവും കൊണ്ട് മുന്നേറുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഒരു പണ്ഡിതനുണ്ടായിരുന്നു, പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഏതാനും വാര മാത്രം അകലെയുള്ള നയീ ദില്ലി ജുമ മസ്ജിദ് ഇമാം മൗലാന മുഹിബ്ബുല്ല നദ്‍വി. ഇക്കാലമത്രയും അവകാശലംഘനങ്ങൾക്കെതിരെ പാർലമെന്റിന് പുറത്ത് മുഴങ്ങിയ മൗലാനയുടെ ശബ്ദം ഇനിമേൽ ലോക്സഭയിലും ഉയരും. യു.പിയിലെ റാംപൂർ മണ്ഡലത്തിൽ നിന്ന് സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ വിജയിച്ചു കയറിയാണ് മൗലാന നദ്‍വിയുടെ വരവ്.

റാംപൂർ റാസാനഗറിലെ കർഷക കുടുംബത്തിൽ ജനിച്ച് ലഖ്നൗവി​ലെ നദ്‍വത്തുൽ ഉലൂമിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ മുഹിബ്ബുല്ല ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 15 വർഷത്തോളമായി പാർലമെന്റ് സ്ട്രീറ്റിലെ ജുമ മസ്ജിദ് ഇമാമാണ്. പാർലമെന്റംഗങ്ങളുൾപ്പെടെ രാഷ്​ട്രീയ നേതാക്കളുമായി നല്ല സൗഹൃദം കാത്തുപോരുന്ന അദ്ദേഹം പഴയ ഡൽഹി ജുമ മസ്ജിദ് ഇമാമുമാരെപ്പോലെ സമുദായത്തിന്റെ കുത്തക അവകാശപ്പെടാറില്ല. സൗഹാർദ വേദികളിലും മതാന്തര സംവാദത്തിലും സജീവമായി പങ്കുചേരുന്ന ഇദ്ദേഹം ഡൽഹിയിലെ മലയാളി സംഘടനകളു​ടെ ചടങ്ങുകളിലും പ്രഭാഷകനായി എത്താറുണ്ട്.

ഡൽഹി സന്ദർശിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികൾക്കൊപ്പം മൗലാന മുഹിബ്ബുല്ല നദ്‍വി പാർലമെന്റ് ജുമ മസ്ജിദിൽ

റാംപൂരിനെ ദീർഘകാലം പ്രതിനിധീകരിച്ചു പോന്ന അഅ്സംഖാന്റെ നോമിനിയെ പിന്തള്ളിയാണ് മുഹിബ്ബുല്ല നദ്‍വി ഇക്കുറി സമാജ് വാദി ടിക്കറ്റ് നേടിയത്. പാർട്ടി മേധാവി അഖിലേഷ് യാദവിന്റെ ഉറച്ച പിന്തുണയായിരുന്നു അതിന് ബലമേകിയത്. മൗലാന ആസാദ് നമസ്കാരത്തിന് നേതൃത്വം നൽകിയ പള്ളിയിൽ നിന്ന് അദ്ദേഹം പ്രതിനിധാനം ചെയ്ത രാംപൂരിലേക്കാണ് താൻ മത്സരത്തിനെത്തുന്നതെന്നും ആസാദ് മത്സരിച്ചത് വിഭജനാനന്തര കാലത്തായിരുന്നുവെന്നതു പോലെ വെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യം ഭിന്നിക്കപ്പെട്ട കാലത്ത് അതിന് തടയിട്ട് നാട്ടിൽ സമാധാനവും വികസനവും ഉറപ്പുവരുത്തുകയാണ് തന്റെ ദൗത്യമെന്നുമാണ് തെരഞ്ഞെടുപ്പ് വേളയിൽ മൗലാനാ നദ്‍വി മാധ്യമ​ങ്ങളോട് പ്രതികരിച്ചത്.

Tags:    
News Summary - Let Maulana Mohibullah Nadvi voice be heard inside the Indian Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.