ന്യൂഡൽഹി: ‘ഭഗവാൻ ശ്രീകൃഷ്ണന്റെ അതിഥിയായ ദരിദ്രനായ സുദാമയുടെ അവസ്ഥയിലാണ് ഞാൻ. ഇതിന് അവസരം ലഭിച്ചതിൽ ഭാഗ്യമുണ്ട്’ -കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ക്ഷണം ലഭിച്ച രാമേശ്വർ എന്ന പച്ചക്കറിക്കച്ചവടക്കാരന് അതേക്കുറിച്ച് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. വിലക്കയറ്റം മൂലം പച്ചക്കറി വാങ്ങാൻ കഴിയാതെ ഒഴിഞ്ഞ സഞ്ചി കാട്ടി വികാരാധീനനായ രാമേശ്വറിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് രാഹുൽ അദ്ദേഹത്തെ നേരിൽ കണ്ട് തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.
സുദാമയും ശ്രീകൃഷ്ണനും ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നാണ് ഐതിഹ്യം. കൃഷ്ണൻ ദ്വാരകയിലെ രാജാവായപ്പോൾ, സുദാമ ദൂരെ പോർബന്ദറിൽ കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. ഏറെക്കാലത്തിനു ശേഷം ഇരുവരും കണ്ടുമുട്ടുകയും ആ വൈകാരിക സംഗമത്തിൽ മുഷിഞ്ഞ വേഷത്തിലുള്ള സുദാമയെ കൃഷ്ണൻ ആശ്ലേഷിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇതിനോടാണ് രാമേശ്വർ കഴിഞ്ഞ ദിവസം രാഹുലുമായി നടന്ന കൂടിക്കാഴ്ചയെ ഉപമിച്ചത്. വിഡിയോ വൈറലായ ശേഷം രാഹുൽ ഗാന്ധി അദ്ദേഹത്തോടൊപ്പം കുടുംബസമേതം ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഡൽഹിയിലെ തന്റെ വസതിയിലാണ് രാമേശ്വറിനും കുടുംബത്തിനും വിരുന്നൊരുക്കിയത്. വിരുന്നിന്റെ ചിത്രങ്ങളും രാഹുൽ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ വിരുന്നിൽ നിന്നുള്ള കൂടുതൽ വിശേഷങ്ങളുടെ വിഡിയോ പങ്കു വച്ചിരിക്കുകയാണ് രാഹുൽ. രാമേശ്വർ, രാഹുലിനെ സർ എന്ന് അഭിസംബോധന ചെയ്യുമ്പോൾ രാഹുൽ തിരുത്തുന്നതും ‘തന്റെ പേര് രാഹുൽ എന്നാണ്, സർ എന്ന് വിളിക്കേണ്ടതില്ല’ എന്ന് രാഹുൽ പറയുന്നതും കാണാം. യുപി സ്വദേശിയായ താൻ നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഡൽഹിയിലേക്ക് വന്നതെന്നും എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും വീഡിയോയിൽ രാമേശ്വർ പറയുന്നുണ്ട്. തന്റെ കഷ്ടപ്പാട് ഫലം കാണുന്നില്ലെന്നും പാവപ്പെട്ടവർ രാജ്യത്ത് പാവങ്ങളായി തന്നെ തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
"കഴിഞ്ഞ പത്തു വർഷത്തിനിടെ ചെയ്യാത്ത ജോലികളില്ല. കൂടുതൽ ജോലി ചെയ്യാനുള്ള ആരോഗ്യവും നശിച്ചു വരികയാണ്. പക്ഷേ ഇത്രനാളും കഷ്ടപ്പെട്ടതിന്റെ ഫലം ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. സർക്കാർ ആരെയും കേൾക്കില്ല. രാജ്യത്ത് ദരിദ്രർ അതിദരിദ്രരാവുകയും സമ്പന്നർ അതിസമ്പന്നർ ആവുകയും ചെയ്യുകയാണ്". രാമേശ്വർ പറയുന്നു. ചൊവ്വാഴ്ചയാണ് രാമേശ്വറിന് രാഹുൽ വീട്ടിൽ വിരുന്ന് നൽകിയത്.
സാമ്പത്തികമായി ദരിദ്രനാണെങ്കിലും സമ്പന്നമായ ഹൃദയത്തിന്റെ ഉടമയാണ് രാമേശ്വറെന്ന് രാഹുൽ വിശേഷിപ്പിച്ചു. ‘ഞങ്ങൾ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യം യഥാർത്ഥത്തിൽ പ്രതീക്ഷയുടെ പൊൻകിരണമാണ്’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു. ‘അപ്രതീക്ഷിതമായാണ് ഒരു ദിവസം രാമേശ്വര് ജിയുടെ ഒരു വിഡിയോ കണ്ടത്. അഭിമാനിയും സത്യസന്ധനുമായ ഒരു സാധാരണ ഇന്ത്യക്കാരൻ, കഠിനാധ്വാനം കൊണ്ട് തന്റെ കുടുംബത്തെ പോറ്റാൻ ആഗ്രഹിക്കുന്നയാൾ. പക്ഷേ അവന്റെ കണ്ണുകൾ നിസ്സഹായതയുടെ കണ്ണുനീർ കൊണ്ട് നിറഞ്ഞിരുന്നു’ -രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽ താൻ സാധാരണക്കാരായ ജനങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരുടെ ദുഃഖങ്ങളും വേദനകളും മനസ്സിലാക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.