ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച എയർ-ടു-എയർ മിസൈൽ ‘അസ്ത്ര’യുടെ പരീക്ഷണ വിക്ഷേപണം വിജയകരമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ തന്നെ വികസിപ്പിച്ച യുദ്ധവിമാനമായ തേജസ് എം.കെ-ഒന്നുപയോഗിച്ചായിരുന്നു വിക്ഷേപണം.
പരീക്ഷണം വിജയമായതോടെ വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളിലൊന്നായ തേജസിലും ഇനിമുതൽ അസ്ത്ര മിസൈലുകൾ ഘടിപ്പിക്കും. നേരത്തെ സുഖോയിയിൽ മിസൈൽ ഘടിപ്പിച്ച് പരീക്ഷണം പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി., വ്യോമസേന, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയവയുടെ നേതൃത്വത്തിൽ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് പരീക്ഷണം നടത്തിയത്.
ആകാശത്ത് 100 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന തരത്തിലാണ് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കുന്ന അസ്ത്രയുടെ രൂപകൽപന. ചലിക്കുന്ന ലക്ഷ്യങ്ങളെയും പിന്തുടർന്ന് തകർക്കാൻ അസ്ത്രക്ക് സാധിക്കും. ഒഡിഷയിലെ ചാന്ദിപൂരിൽ നിന്ന് നടത്തിയ പരീക്ഷണം പൂർണമായും വിജയിച്ചതായും മിസൈലിന്റെ എല്ലാ ഉപസംവിധാനങ്ങളും പ്രവർത്തിക്കുന്നതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.