ബി.ജെ.പിയെ ഞെട്ടിച്ച് സീ ന്യൂസ് പുതിയ എക്സിറ്റ് പോൾ; എൻ.ഡി.എക്ക് 78 സീറ്റ് കുറയാൻ സാധ്യത, ഇൻഡ്യക്ക് 43 സീറ്റ് കൂടിയേക്കും

ന്യൂഡൽഹി: ജൂൺ ഒന്നിന് പുറത്തിറക്കിയ എക്സിറ്റ് പോളിൽനിന്ന് തീർത്തും വ്യത്യസ്തമായ പുതിയ എ.​ഐ എക്സിറ്റ് പോളുമായി സീ ന്യൂസ് ചാനൽ. ആദ്യപ്രവചനത്തിലുള്ളതിനേക്കാൾ എൻ.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനൽ പുറത്തുവിട്ട രണ്ടാമത് എക്സിറ്റ് പോളിൽ പറയുന്നു. ഇൻഡ്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എ.ഐ പ്രവചനം.


ഒന്നാം പ്രവചനത്തിൽ എൻ.ഡി.എക്ക് 353 മുതൽ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കിൽ രണ്ടാമത്തേതിൽ 305 മുതൽ 315 വരെയായി കുറഞ്ഞു. ഇൻഡ്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്സിറ്റ് പോളിൽ വർധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് പരമാവധി 52 സീറ്റുകൾ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തിൽ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.

ശനിയാഴ്ചയാണ് ആദ്യ എക്സിറ്റ് പോൾ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്സിറ്റ് പോൾ തയാറാക്കിയതെന്ന് ചാനൽ അവകാശപ്പെടുന്നു. ഇതനുസരിച്ച് ഉത്തർപ്രദേശിൽ എൻ.ഡി.എക്ക് 52 മുതൽ 58 സീറ്റും ഇൻഡ്യ സഖ്യത്തിന് 22-26 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.

ഉത്തർപ്രദേശിൽ എൻ.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനം

എ.ഐ എക്‌സിറ്റ് പോൾ പ്രകാരം ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 22 മുതൽ 26 വരെ ഇൻഡ്യ സഖ്യം വിജയിക്കും. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ 52 മുതൽ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാർട്ടികൾക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്.


2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയിൽ എൻ.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി അനുകൂല ചാനലിന്റെ പ്രവചനം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 64 സീറ്റ് നേടിയപ്പോൾ എസ്.പി 5 സീറ്റും കോൺഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്.പി പത്ത് സീറ്റുകൾ നേടിയിരുന്നു.

ഡൽഹിയിൽ ഇൻഡ്യ നേട്ടമുണ്ടാക്കും

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആകെയുള്ള 7 ലോക്‌സഭാ സീറ്റിൽ 3 മുതൽ 5 വരെ സീറ്റ് ഇൻഡ്യ വിജയിക്കുമെന്ന് എ.ഐ എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 2-4 സീറ്റിൽ ഒതുങ്ങിയേക്കുമെന്നും ചാനൽ പറയുന്നു.

ബീഹാറിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ 39 എണ്ണവും എൻ.ഡി.എ നേടിയിരുന്നു. എന്നാൽ, സീ ന്യൂസിന്റെ എ.ഐ എക്‌സിറ്റ് പോൾ പ്രകാരം ബിഹാറിൽ എൻഡിഎക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്. എൻ.ഡിഎക്കും ഇൻഡ്യക്കും 15 മുതൽ 25 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇൻഡ്യക്ക് വൻ നേട്ടം

മഹാരാഷ്ട്രയിൽ ഇൻഡ്യ മുന്നണിക്ക് വൻ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്‌സിറ്റ് പോൾ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 26-34 സീറ്റുകൾ എൻ.ഡി.എക്കും ഇൻഡ്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ എൻ.ഡി.എ സഖ്യം 48ൽ 41 സീറ്റും നേടിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറെറാരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

ഹരിയാനയിലും രാജസ്ഥാനിലും ബി.ജെ.പിയുടെ സീറ്റ് കുറയാൻ സാധ്യത

ഹരിയാനയിൽ ആകെയുള്ള പത്ത് സീറ്റുകളിൽ എൻ.ഡി.എ 3-5 സീറ്റിൽ ഒതുങ്ങും. അതേസമയം ഇൻഡ്യ മുന്നണി 5-7 സീറ്റുകൾ നേടും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച രാജസ്ഥാനിൽ സീ ന്യൂസ് എ.ഐ എക്‌സിറ്റ് പോൾ പ്രകാരം എൻ.ഡി.എ 15-19 സീറ്റുകളും ഇൻഡ്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

ബംഗാളിൽ എൻ.ഡി.എക്ക് 24 സീറ്റ് വരെ പ്രവചനം

പശ്ചിമ ബംഗാളിൽ എൻ.ഡി.എക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇൻഡ്യ സഖ്യത്തിന് 0-1 സീറ്റ് ലഭിച്ചേക്കും. നോർത്ത് ഈസ്റ്റിൽ എൻഡിഎ 18-22 സീറ്റുകൾ നേടുമെന്നും ഇൻഡ്യ 2-4 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പാർട്ടികൾക്ക് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി കോട്ടയായ ഗുജറാത്തിൽ എൻ.ഡി.എയ്ക്ക് 20-26 സീറ്റുകൾ ലഭിക്കുമെന്നും ഇൻഡ്യ 2-4 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബി.ജെ.പിയെ സഹായിക്കുമെന്ന്

ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് നിർണായക സീറ്റുകൾ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്‌സിറ്റ് പോൾ പ്രകാരം തമിഴ്‌നാട്ടിൽ എൻ.ഡി.എക്ക് 10-12 ഉം ഇൻഡ്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ എൻ.ഡി.എക്ക് 04-06 സീറ്റുകളും ഇൻഡ്യക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കർണാടകയിൽ എൻ.ഡി.എ 10-14 സീറ്റുകളും ഇൻഡ്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.

കേരളത്തിൽ എൻ.ഡി.എക്ക് ആറ് സീറ്റ്!

കേരളത്തിൽ എൻ.ഡി.എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇൻഡ്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനൽ പറയുന്നു.

Tags:    
News Summary - Lok Sabha Election 2024: States That May Create Trouble For NDA As Per Zee AI Exit Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.