ന്യൂഡൽഹി: ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽതന്നെ കത്തിപ്പടർന്നത് വർഗീയ-വിഭാഗീയ പ്രചാരണം. ഒന്നാം ഘട്ടത്തിലെ 102 സീറ്റുകളിലേക്കുള്ള പ്രചാരണത്തിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളെ പ്രതികാര രാഷ്ട്രീയത്തിൽ തളച്ചിടുകയും ചെയ്തു. ആദ്യഘട്ടത്തിൽതന്നെ വിഭാഗീയ രാഷ്ട്രീയം എടുത്തിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. പ്രാണപ്രതിഷ്ഠക്ക് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അയോധ്യയിൽ എത്താതിരുന്നത് രാമനോടും ഹിന്ദുക്കളോടുമുള്ള ശത്രുതയാണെന്ന് പല വേദികളിൽ അദ്ദേഹം പ്രസംഗിച്ചു. വിവാദ ധ്രുവീകരണ വിഷയങ്ങളായ പൗരത്വ നിയമ ഭേദഗതി, ഏക സിവിൽ കോഡ് തുടങ്ങിയവയും ആയുധമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡ് വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിലാണെന്നതും ശ്രദ്ധേയം.
ഒന്നാംഘട്ടത്തിൽ മാത്രമല്ല, അടുത്ത ഘട്ടത്തിലും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് ജയിലിൽ നിന്നിറങ്ങി പ്രചാരണത്തിന് പോകാൻ കഴിഞ്ഞെന്നു വരില്ല. അറസ്റ്റ് ശരിവെച്ച ഡൽഹി ഹൈകോടതി വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 29ന് തുടങ്ങുന്ന ആഴ്ചയിൽ മാത്രമാണ്. ആപിന്റെ പ്രചാരണ സംവിധാനത്തെയും ആസൂത്രണങ്ങളെയും കെജ്രിവാളിന്റെ ജയിൽവാസം തളർത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ഘട്ടത്തിൽ സുപ്രീംകോടതിയിൽനിന്ന് ഇലക്ടറൽ ബോണ്ട് കേസിൽ ബി.ജെ.പിക്കും മോദി സർക്കാറിനും കനത്ത തിരിച്ചടി കിട്ടിയെങ്കിൽ, കള്ളപ്പണത്തിന്റെ വേരുകൾ പ്രതിപക്ഷ പാർട്ടികളിലേക്ക് നീണ്ടുനിൽക്കുന്നുവെന്ന തോന്നൽ ജനിപ്പിക്കുന്ന വിധമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഇലക്ടറൽ ബോണ്ട് കേസിലെ വിധിയിൽ എല്ലാവരും ഖേദിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തെ പ്രധാന പ്രചാരകനായ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ മുഖേന പണപ്പെട്ടി നീങ്ങുന്നുണ്ടോ എന്ന തെരച്ചിലാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമീഷൻ നടത്തിയത്. ഭരണകക്ഷിക്കും പ്രതിപക്ഷ പാർട്ടികൾക്കും തെരഞ്ഞെടുപ്പു മുഖത്ത് തുല്യാവസരവും തുല്യസമീപനവും ലഭിക്കുന്നില്ലെന്ന കടുത്ത വിമർശനമാണ് ആദ്യഘട്ടത്തിൽതന്നെ ഉയർന്നുനിൽക്കുന്നത്. തെരഞ്ഞെടുപ്പു കമീഷൻ പക്ഷപാതപരമായി നീങ്ങുന്നുവെന്ന വിമർശനം മുമ്പൊരിക്കലും ഇത്രത്തോളം ഉയർന്നിട്ടില്ല.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾക്കുമേൽ പിടിമുറുക്കിയ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളും തൃണമൂൽ കോൺഗ്രസ് മുതൽ ഭാരത് രാഷ്ട്രസമിതിവരെ നിരവധി പാർട്ടികൾക്കു പിന്നാലെയാണ്. കെജ്രിവാളിനൊപ്പം ബി.ആർ.എസ് നേതാവ് കെ. കവിതയും തിഹാർ ജയിലിലാണ്. ഇൻഡ്യ മുന്നണിയിൽപെട്ട ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതാവും മുൻമുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനും തെരഞ്ഞെടുപ്പു പ്രചാരണക്കളം കൈവിട്ടു നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.