ഇംഫാൽ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരിൽ ബി.ജെ.പി മുൻ എം.എൽ.എ ഉൾപ്പെടെ നാല് പേർ കോൺഗ്രസിൽ ചേർന്നു. മുൻ യെയ്‌സ്‌കുൽ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോൽസെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
ഇംഫാലിലെ കോൺഗ്രസ് ഭവനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവർ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. അംഗോംച ബിമോൽ അകോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബാഹ്യ സ്വാധീനങ്ങൾക്ക് വഴങ്ങാതെ മണിപ്പൂരിന്‍റെ ക്ഷേമത്തോടുള്ള ആത്മാർഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അകോയിജം വ്യക്തമാക്കി.
" മണിപ്പൂരിന് അഖണ്ഡതക്കായി നിലകൊണ്ടതിന്‍റെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാൽ മണിപ്പൂരിന്‍റെ സത്ത നേർപ്പിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് നാമിപ്പോൾ. മണിപ്പൂരിന്‍റെ അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്ന ഏത് ശക്തികളിൽ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കേണ്ടതിന് ഓരോ പൗരനും അത്യന്താപേക്ഷിതമാണ്" - അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്വന്തം ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യം നിലനിൽക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.