ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ ബാധിക്കുന്ന സുപ്രധാന കേസുകളിൽ വിധിപറഞ്ഞ സുപ്രീംകോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽകർ വിരമിച്ച് ഒന്നര വർഷത്തിനു ശേഷം അഴിമതി പ്രതിരോധ സംവിധാനമായ ലോക്പാലിന്റെ അധ്യക്ഷപദവിയിൽ എത്തിയതിനെക്കുറിച്ച് നിയമവൃത്തങ്ങളിൽ സജീവ ചർച്ച.2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി എത്തിയ എ.എം. ഖാൻവിൽകർ 2022 ജൂലൈയിലാണ് വിരമിച്ചത്.
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വിപുല അധികാരം നൽകിയത് ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വിധിന്യായങ്ങളിലൊന്ന്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹരജി, പുനരന്വേഷണം ആവശ്യമില്ലെന്ന വിധിയോടെ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ(യു.എ.പി.എ)ത്തിലെ 43 ഡി (5) വകുപ്പിനെ വ്യാഖ്യാനിച്ച്, കേവലം ആരോപണങ്ങളുടെ സ്വഭാവം വെച്ചുകൊണ്ട് അവ പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നിയതിന്റെ പേരിൽമാത്രം പ്രതികൾക്ക് ജാമ്യം നിഷേധിക്കാമെന്ന് 2019ൽ ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു.
പരിസ്ഥിതി അനുമതി നല്‍കിയതില്‍ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിക്കെതിരായ കേസിൽ കേന്ദ്രത്തിന് അനുകൂല വിധി ലഭിച്ച ബെഞ്ചിന്റെ അധ്യക്ഷനും ഖാൻവിൽകറായിരുന്നു.
ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ച ബെഞ്ച്, ഭീമാ കൊറെഗാവ് കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ പ്രത്യേകാന്വേഷണം വേണമെന്ന ഹരജി തള്ളിയ ബെഞ്ചുകളിലും ജഡ്ജി എ.എം. ഖാൻവിൽകർ ഉണ്ടായിരുന്നു.
സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിമാരിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അരുൺകുമാർ മിശ്ര, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ തുടങ്ങി നിരവധി പേർക്ക് മോദിസർക്കാർ ലാവണമൊരുക്കിയത് നേരത്തെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.