ലഖ്നോ: ഉത്തർപ്രദേശ് രാമരാജ്യമാക്കുന്നതിന് സമാജ്വാദി പാർട്ടി അധികാരത്തിലെത്തുമെന്ന് ശ്രീകൃഷ്ണൻ ദിവസവും രാത്രി സ്വപ്നത്തിലെത്തി തന്നോട് അരുൾ ചെയ്യാറുണ്ടെന്ന് അഖിലേഷ് യാദവ്. ബി.ജെ.പിയുടെ ബഹ്റൈച്ച് എം.എൽ.എ മാധുരി വർമയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നടത്തിയ ചടങ്ങിനിടെയായിരുന്നു യു.പി മുൻമുഖ്യമന്ത്രിയുടെ പരാമർശം. രണ്ടു തവണ ബി.ജെ.പിയുടെ എം.എൽ.എയായിരുന്നു മാധുരി വർമ. 2010 മുതൽ 12വരെ യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്ന സമാജ്വാദി പാർട്ടി, അധികാരത്തിലേറുമ്പോൾ യു.പിയിൽ രാമരാജ്യം സൃഷ്ടിക്കുമെന്ന് കൃഷ്ണൻ പറഞ്ഞതായാണ് അഖിലേഷിന്‍റെ അവകാശ വാദം.
'സമാജ്വാദിന്റെ (സോഷ്യലിസം) പാതയാണ് രാമരാജ്യത്തേക്കുള്ള വഴി. സമാജ്വാദ് അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും' -എസ്.പി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പരാജയമാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി നിരവധി കുറ്റവാളികളുടെയും ഗാങ്സ്റ്റർമാരുടെയും കൂട്ടമാണെന്ന ബി.ജെ.പിയുടെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ നേരിടുന്ന ഒരാളെ യു.പി മുഖ്യമന്ത്രിയായി നിയമിച്ച പാർട്ടിയുടെ ആരോപണമാണ് ഇതെന്നായിരുന്നു അഖിലേഷിൻറെ പ്രതികരണം.
ബി.ജെ.പി തങ്ങളുടെ എല്ലാ കുറ്റവാളികളെയും മാഫിയ ഘടകങ്ങളെയും ശുദ്ധീകരിക്കാൻ വാഷിങ് മെഷീൻ വാങ്ങിയിട്ടുണ്ടോയെന്ന് ഞാൻ അത്ഭുതപ്പെടുന്നതായും അഖിലേഷ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.