വാളയാർ (പാലക്കാട്): മേട്ടുപാളയത്തുനിന്ന് പച്ചക്കറിയുമായി എത്തിയ ചരക്കുലോറിക്കുനേരെ നടന്ന കല്ലേറിൽ ക്ലീനർ കൊല്ലപ്പെട്ടു. മേട്ടുപാളയം സ്വദേശി മുബാറക് ബാഷയാണ് (വിജയ് മുരുകേശ്-21) മരിച്ചത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. കസബ ഇൻസ്പെക്ടർ എം. ഗംഗാധരെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നത് കോയമ്പത്തൂരിനടുത്തെ ചാവടി എട്ടിമടൈയിലാണെന്ന് സി.സി.ടി.വി പരിശോധനയിൽ വ്യക്തമായതിനാൽ കസ്റ്റഡിയിലുള്ളയാളെ തമിഴ്നാട് പൊലീസിന് കൈമാറി. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം.
ഗുരുതരപരിക്കേറ്റ മുബാറക് ബാഷയെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി സമരവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് ആദ്യം വാർത്ത പരന്നിരുന്നത്. സമരവുമായി ബന്ധമില്ലെന്ന് ലോറി ഒാണേഴ്സ് അസോ. അറിയിച്ചു. കഞ്ചിക്കോട് ചടയൻ കലായിയിൽവെച്ചാണ് കല്ലേറുണ്ടായതെന്നാണ് ഡ്രൈവർ നൂറുല്ല (26) ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ മൊഴിമാറ്റി. സംഭവം അതിർത്തിപ്രദേശമായ തമിഴ്നാട്ടിലെ ചാവടിക്കടുത്താണ് നടന്നതെന്നും ചികിത്സ നിഷേധിക്കുമെന്ന ഭയത്താലാണ് സ്ഥലം മാറ്റിപ്പറഞ്ഞതെന്നും ഇയാൾ പറഞ്ഞു. ഇതോടെയാണ് അന്വേഷണം വഴിമാറിയത്. മുബാറക് ബാഷയെ ലക്ഷ്യംവെച്ചാണ് ലോറിക്കുനേരെ ആക്രമണം നടന്നതെന്ന് പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സൂചനയുണ്ട്.
ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പുറത്തുനിന്ന് കല്ലെറിഞ്ഞാൽ ഇത്ര പരിക്കുണ്ടാകാനിടയില്ലെന്നാണ് പൊലീസ് നിഗമനം. കൂലിപ്പണിക്കാരനായ വിജയ് കോയമ്പത്തൂരിലെ പെൺകുട്ടിയുമായുള്ള പ്രണയത്തെതുടർന്ന് വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നെന്നും മാസങ്ങൾക്ക് മുമ്പ് മുബാറക് ബാഷയായി അനൗദ്യോഗികമായി പേര് മാറ്റുകയും മതം മാറുകയായിരുന്നെന്നും ബന്ധുക്കൾ മൊഴി നൽകി. ആക്രമണത്തിന് പിന്നിൽ ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലോറിയുടെ മുൻവശത്തെ ഗ്ലാസ് തകർന്ന നിലയിലായിരുന്നു. കഞ്ചിക്കോട് ഐ.ടി.ഐക്ക് സമീപമെത്തിയപ്പോൾ കാറിലും ബൈക്കിലുമായെത്തിയ 15 അംഗ സംഘം ദേശീയപാത സർവിസ് റോഡിൽ ലോറി തടഞ്ഞ് ആക്രമിച്ചെന്നായിരുന്നു ഡ്രൈവറുടെ ആദ്യമൊഴി. എന്നാൽ, പിന്നീട് ഇയാൾ മൊഴി മാറ്റിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ കോയമ്പത്തൂരിനും വാളയാറിനുമിടയിൽ എട്ടിമടൈയിലാണ് ആക്രമണമുണ്ടായതെന്ന് സ്ഥിരീകരിച്ചു. വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതോടെ ഡ്രൈവറുടെ ആദ്യമൊഴി തെറ്റാണെന്ന് തെളിഞ്ഞു. മുബാറക് ബാഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പൂവർ പലനിയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.