ഡെറാഡൂൺ: ഓർക്കുന്നില്ലേ ഉത്തരാഖണ്ഡിലെ പുരോല എന്ന ചെറുപട്ടണത്തെ? കഴിഞ്ഞ വർഷം ജൂണിൽ വർഗീയ വിഷം ആളിക്കത്തിയ ഇവിടം പ്രക്ഷുബ്ധമായിരുന്നു. ഒരു മുസ്‍ലിം യുവാവും സുഹൃത്തും ചേർന്ന് ഹിന്ദു കുടുംബത്തിലെ 14 കാരിയെ ‘ലൗജിഹാദി’ലൂടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇസ്‍ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചുവെന്നുമുള്ള ‘വാർത്ത’യാണ് പ്രദേശത്തെ ആകെ ഇളക്കി മറിച്ചത്. ഇതിന്റെ പേരിൽ 41 മുസ്‍ലിം കുടുംബങ്ങളെ തീവ്രഹിന്ദുത്വവാദികൾ രാത്രിക്ക് രാത്രി നഗരത്തിൽനിന്ന് ആട്ടിപ്പായിച്ചു. 35 കുടുംബങ്ങൾ മാസങ്ങൾക്ക് ശേഷം തിരിച്ചുവന്നെങ്കിലും 6 കുടുംബങ്ങൾ എന്നെന്നേക്കുമായി ഇവിടം വിട്ടുപോയി. നിരവധി മുസ്‍ലിം വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു.
മുസ്‍ലിംകൾക്കെതിരെയുള്ള വിദ്വേഷപ്രകടനങ്ങൾക്കും നഗരം സാക്ഷിയായി. മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയടക്കം വിദ്വേഷത്തീയിൽ എണ്ണ പകർന്നു. ദേശീയ മാധ്യമങ്ങളടക്കം എരിതീയിൽ എണ്ണയൊഴിക്കുന്ന വിധത്തിൽ റിപ്പോർട്ടുകൾ ചമച്ചു. എന്നാൽ, ഒരു വർഷത്തിന് ശേഷം ഉത്തരകാശി ജില്ലാ സെഷൻസ് കോടതി ‘ലവ് ജിഹാദ്’ കഥ തന്നെ വ്യാജമാണെന്ന് വിധിച്ചിരിക്കുന്നു. കേസിൽ കുറ്റാരോപിതരായ 22 കാരനായ ഉവൈദ് ഖാനെയും 24 കാരനായ സുഹൃത്ത് ജിതേന്ദ്ര സൈനിയെയും കോടതി നിരുപാധികം വെറുതെ വിട്ടിരിക്കുന്നു.
മേയ് 10 നാണ് ഉത്തരകാശിയിലെ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. മുസ്‌ലിംകൾക്കെതിരായ ഉന്മാദാവസ്ഥ വളർത്തുന്നതിൽ പൊലീസിന്റെ പങ്കിനെക്കുറിച്ച് കോടതി വിധി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഖാനും സെയ്‌നിയും തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് പറയാൻ പൊലീസ് തന്നെ പഠിപ്പിച്ചിരുന്നതായി 14 വയസ്സുള്ള പെൺകുട്ടി വിചാരണക്കിടെ കോടതിയെ അറിയിച്ചു. കേസിലെ ഏക ദൃക്‌സാക്ഷിയായ ആർ.എസ്.എസ് നേതാവ് ആഷിഷ് ചുനാറിന്റെ മൊഴിയിലും കോടതി പൊരുത്തക്കേടുകൾ കണ്ടെത്തി.
പുരോലയിലെ വർക് ഷോപ്പിൽ മെക്കാനിക്കാണ് ജിതേന്ദ്ര സൈനി. സമീപത്തെ ഫർണിച്ചർ ഷോപ്പ് നടത്തുകയാണ് ഉബൈദ് ഖാനും കുടുംബവും. ഉറ്റ സുഹൃത്തുക്കളായ ഇരുവരുടെയും കുടുംബങ്ങൾ പടിഞ്ഞാറൻ യു.പിയിലെ ബിജ്നോറിൽനിന്ന് പുരോലയിലേക്ക് കുടിയേറിയവരാണ്.
35,000 പേർ താമസിക്കുന്ന പുരോലയിൽ ഏകദേശം 99% ഹിന്ദുക്കളാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്ന് ബിസിനസ് ആവശ്യാർഥം കുടിയേറിയ ഏതാനും കുടുംബങ്ങൾ മാത്രമാണ് മുസ്‍ലിം സമുദായക്കാർ. 2011ൽ ബിജ്‌നോറിൽ നിന്ന് പുരോലയിലെത്തിയ ഉവൈദ് ഖാന്റെ കുടുംബമായിരുന്നു അവരിൽ ഒരാൾ. പട്ടണത്തിലെ കുമോള റോഡിൽ ഫർണിച്ചറുകൾ, മെത്തകൾ, ഐസ്ക്രീം എന്നിവ വിൽക്കുന്ന കടകൾ അവർക്കുണ്ട്. 2021ൽ ബിജ്‌നോറിൽ നിന്ന് തന്നെ ഇവിടെ എത്തിയ ജിതേന്ദ്ര സൈനി തൊട്ടടുത്ത ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു.
ഉവൈദിന്റെ കടകൾക്ക് മുകളിൽ രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ജിമ്മിൽ ഖാനും സൈനിയും ഒരുമിച്ച് പോകാറുണ്ട്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ 2023 മേയ് 31ന് അവരുടെ ജീവിതംമാത്രമല്ല പുരോലയിലെ മുസ്‍ലിംകളുടെ ജീവിതം മൊത്തം കീഴ്മേൽ മറിഞ്ഞു. അന്നാണ് പുരോലയിൽ ‘ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ’ രണ്ട് യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ഒരു "ലവ് ജിഹാദ്" കേസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. മേയ് 26 ന് ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടതെന്നായിരുന്നു വാർത്തയിൽ ഉണ്ടായിരുന്നത്. ഉവൈദ് ഖാനും ജിതേന്ദ്ര സൈനിയുമായിരുന്നു ഈ ഇരുവർ. "പുരോല പട്ടണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി" എന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ദിവസങ്ങൾക്കകം വിശ്വഹിന്ദു പരിഷത്ത്, ദേവഭൂമി രക്ഷാ അഭിയാൻ തുടങ്ങിയ ഹിന്ദുത്വ ഗ്രൂപ്പുകൾ പുരോലയിലും അയൽപട്ടണമായ ബാർകോട്ടിലും മുസ്‍ലിംകൾക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്‍ലിംകളെ ബഹിഷ്‍കരിക്കാനും കടകൾ ഒഴിഞ്ഞുപോകാനും ആഹ്വാനം ചെയ്തു. "ജിഹാദികൾ" എന്ന് വിളിച്ചായിരുന്നു പ്രകടനം. ഉത്തരകാശിയിലെ ബി.ജെ.പി ജനറൽ സെക്രട്ടറിയായ പവൻ നൗട്ടിയാൽ പുരോലയിലെ ഹിന്ദു വ്യാപാരികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു.
ചാനലുകൾ എരിതീയിൽ എണ്ണയൊഴിച്ചു. “ഇരുവരും പ്രായപൂർത്തിയാകാത്ത കുട്ടിയെ കാറിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. പെൺകുട്ടി വളരെ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. പെൺകുട്ടിയുടെ നിലവിളി കേട്ട് അമ്മയും കടയുടമകളും ചേർന്ന് രക്ഷപ്പെടുത്തി. ലൗ ജിഹാദികളുടെ പ്രവൃത്തി ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്’ എന്നായിരുന്നു ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തത്.
ഉത്തരാഖണ്ഡിലെ മലയോര മേഖലയിൽ "ലവ് ജിഹാദ്" കേസുകളിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടായതായി ന്യൂസ് 18 റിപ്പോർട്ടിൽ ആരോപിച്ചു. പിന്നാലെ, മുസ്‍ലിം കുടുംബങ്ങൾ കടകളടച്ചു. ജൂണിൽ 41 മുസ്‍ലിം കുടുംബങ്ങൾ നഗരം വിട്ടു. ഇതിൽ ആറ് കുടുംബങ്ങൾ സ്ഥിരമായി മാറിത്താമസിച്ചു.
അറസ്റ്റിലായ സൈനിയെയും ഖാനെയും തെഹ്‌രി ജില്ലാ ജയിലിലടച്ചു. എന്നാൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തരകാശി ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ഗുരുബക്ഷ് സിങ് ഇരുവർക്കും ജാമ്യം അനുവദിച്ചു. പക്ഷേ, മാധ്യമങ്ങൾക്ക് അത് വലിയ വാർത്തയായിരുന്നില്ലെന്ന് മാത്രം.
2023 ആഗസ്റ്റിനും 2024 മേയ് മാസത്തിനും ഇടയിൽ 19 തവണയാണ് കേസിന്റെ വിചാരണ നടന്നത്. തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് എതിരെയുള്ള ലൈംഗികാതിക്രമം എന്നീ ആരോപണങ്ങൾ തെറ്റാണെന്ന് കോടതി കണ്ടെത്തി. 2023 മെയ് 26-ന് നടന്ന സംഭവത്തിന് ടൗണിൽ കംപ്യൂട്ടർ ഷോപ്പ് നടത്തുന്ന ആർഎസ്എസുകാരനായ ആഷിഷ് ചുനാറാ( 27)ണ് ഏക ദൃക്സാക്ഷി.
ടൗണിലെ പെട്രോൾ പമ്പിന് സമീപമുള്ള രണ്ട് ആളുകൾ പെൺകുട്ടിയെ ടെമ്പോയിൽ കയറ്റാൻ ശ്രമിക്കുന്നുണ്ടെന്ന് 26ന് ഉച്ച കഴിഞ്ഞ് 3.07ന് ചുനാർ പെൺകുട്ടിയുടെ അമ്മാവനെ വിളിച്ചു പറഞ്ഞു. 18 കിലോമീറ്റർ അകലെയുള്ള നൗഗാവിലേക്ക് അവളെ കൊണ്ടുപോകാൻ ശ്രമിച്ചുവെന്നായിരുന്നു ചുനാർ അമ്മാവനോട് പറഞ്ഞതെന്ന് പുരോല പൊലീസ് സ്റ്റേഷനിലെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. ചുനാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ചുനാർ പെൺകുട്ടിയെ തൻ്റെ കടയിലേക്ക് കൊണ്ടുവന്നു.
‘ഖാനും സൈനിയും ചേർന്ന് കബളിപ്പിച്ചാണ് തന്നെ പെട്രോൾ പമ്പിൽ എത്തിച്ചത്. അങ്കിത് എന്നാണ് ഖാൻ സ്വയം പരിചയപ്പെടുത്തിയത്. പെട്രോൾ പമ്പിൽ വച്ച് ടെമ്പോയിൽ കയറ്റി പ്രലോഭിപ്പിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു. ചുനാറും മറ്റൊരാളും കണ്ട് ഇടപെട്ടതിനാൽ രക്ഷപ്പെട്ടു’ എന്നാണ് തന്റെ അനന്തരവൾ തന്നോട് പറഞ്ഞതെന്ന് അമ്മാവൻ പരാതിയിൽ വിവരിച്ചു. എന്നാൽ, വിചാരണക്കിടെ അമ്മാവനെ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരം ചെയ്തപ്പോൾ, തന്റെ മരുമകൾ സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നും ആശിഷ് ചുനാറിന്റെ നിർദേശപ്രകാരമാണ് താൻ പരാതി എഴുതിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ക്രോസ് വിസ്താരത്തിനിടെ പെൺകുട്ടിയുടെ അമ്മായിയും തന്റെ മരുമകൾ സംഭവത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതിയുടെ പേര് പറഞ്ഞിട്ടില്ല എന്നും കോടതിയെ അറിയിച്ചു. കുറച്ച് വസ്ത്രങ്ങൾ തുന്നാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും അതിനിടെ സൈനിയോടും ഖാനോടും വഴി ചോദിച്ചപ്പോൾ ആഷിഷ് ചുനാർ അയാളുടെ കടയിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു എന്നും മാത്രമാണ് അവൾ തന്നോട് പറഞ്ഞതെന്ന് അമ്മായി പറഞ്ഞു.
വിചാരണ വേളയിൽ ഖാനെയും സൈനിയെയും ചുനാറിന് മുന്നിൽ ഹാജരാക്കിയെങ്കിലും ഇവരെ അയാൾ തിരിച്ചറിഞ്ഞില്ല. 2017ൽ ആർഎസ്എസ് ഉത്തരകാശി മീഡിയ ഇൻചാർജ് ആയാണ് ചുനാർ എത്തിയത്. അതേസമയം, തന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് പരാതി എഴുതിയതെന്ന കുട്ടിയുടെ അമ്മാവന്റെ ആരോപണം ചുനാർ നിഷേധിച്ചു.
ഖാനെയും സെയ്‌നിയെയും പ്രതിക്കൂട്ടിലാക്കി മൊഴിയെടുക്കാൻ പോലീസ് തന്നെ പഠിപ്പിച്ചിരുന്നതായി ക്രോസ് വിസ്താരത്തിനിടെ പെൺകുട്ടി കോടതിയെ അറിയിച്ചു. “തയ്യൽക്കടയിലേക്കുള്ള വഴി ചോദിക്കുകയാണ് ഞാൻ ചെയ്തത്. അവർ എനിക്ക് തയ്യൽക്കട കാണിച്ചു തന്നു. പ്രതികൾ തന്നെ എവിടെയും കൊണ്ടുപോയിട്ടില്ല. തന്നെ പിന്തുടർന്നിട്ടുമില്ല’ -അവൾ പറഞ്ഞു.
ഖാനും സെയ്‌നിയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്പർശിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ജഡ്ജി ഗുരുബക്ഷ് സിങ് ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
കേസും ഗുലുമാലുമായതോടെ ഖാനും സൈനിയും ബിജ്‌നോറിലേക്ക് മടങ്ങിയതായി ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹലീം ബെയ്ഗ് പറഞ്ഞു. “പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഇവർ ശ്രമിച്ചു എന്ന കഥ എങ്ങനെയാണ് ഉണ്ടായതെന്നും പിന്നീട് ദേശീയ വാർത്തയായത് എങ്ങനെയെന്നും ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. ഇതൊരു ആസൂത്രിത ഗൂഢാലോചനയായാണ് തോന്നുന്നത്. ഖാന്റെ കുടുംബം നഗരത്തിൽ വളരെ വിജയകരമായ ബിസിനസ്സ് നടത്തി വരികയായിരുന്നു. പലർക്കും അത് ഇഷ്ടപ്പെട്ടില്ല’ -അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദ് കേസാണെന്ന ആദ്യ പരാമർശം വന്നത് പ്രാദേശിക വെബ്സൈറ്റായ bbckhabar.in നൽകിയ വാർത്തയിലാണെന്ന് ദ മോണിങ് കോൺടെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലവ് ജിഹാദ് ആരോപണവുമായി വെബ്സൈറ്റിൽ വന്ന വാർത്ത പ്രാദേശിക വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ഹിന്ദു കച്ചവടക്കാർ രോഷാകുലരായി രംഗത്തിറങ്ങുകയായിരുന്നു.
ഹിന്ദി ദിനപത്രമായ അമർ ഉജാലയുടെ ലേഖകൻ അനിൽ അസ്വാളാണ് ആ വെബ്സൈറ്റിന് പിന്നിൽ. ഈ സംഭവം ‘ലവ് ജിഹാദ്’ തന്നെയെന്ന് അസ്വാൾ ദി മോർണിങ് കോൺടെക്‌സ്റ്റിനോട് പറഞ്ഞു. ഒരു വർഷമായി കുട്ടിയുമായി ‘അങ്കിത്’ എന്ന പേരിൽ ഖാൻ ചാറ്റ് ചെയ്തിരുന്നുവെന്നും സൈനി ഹിന്ദുവാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും അയാൾ പറഞ്ഞു. എന്നാൽ, ഇതെല്ലാം ഒരു നാടിനെ കലാപത്തീയിലേക്ക് തള്ളിവിടാനുള്ള പൊള്ളയായ ആരോപണങ്ങളായിരുന്നു. ഒടുവിൽ ഒരു വർഷം കഴിഞ്ഞ് കോടതി ഇത് തെളിയിച്ചെങ്കിലും പുരോലയിലെ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. വിഷയത്തിൽ വർഗീയത കലർത്തുകയും പ്രദേശത്തെ സംഘർഷാവസ്ഥയിലെത്തിക്കുകയും ചെയ്തതിൽ നാട്ടുകാരും അസന്തുഷ്ടരാണ്. മാധ്യമങ്ങളും ചില ആളുകളും ചേർന്ന് ഈ സംഭവത്തെ ഒരു ഹിന്ദു-മുസ് ലിം പ്രശ്നമാക്കി മാറ്റുകയായിരുന്നുവെന്ന് ഖാൻ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമ വിനയ് ഹിമാനി ചൂണ്ടിക്കാട്ടുന്നു. നിരവധി പേരുടെ ഉപജീവനമാർഗ്ഗമാണ് ഈ കള്ളക്കഥയിലൂടെ തകർന്നടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.