ലഖ്‌നോ: യു.പിയില്‍ മൂന്ന് ദിവസം മുമ്പ് ഖുര്‍ഷിദ് അഹമ്മദ് (50) എന്നയാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ആരോപണവുമായി കുടുംബം. താടിയും തൊപ്പിയും ധരിച്ചതിനാലാണ് ഖുര്‍ഷിദിനെ അക്രമികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍, തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മരിച്ചുവെന്നാണ് പൊലീസിന്റെ വാദം.
കഴിഞ്ഞ ബുധനാഴ്ചയാണ് കോട്വാലിയിലെ ഖരാഖുര്‍ദ് ഗ്രാമത്തിലെ ഖുര്‍ഷിദ് അഹമ്മദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹോദരന്റെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആള്‍ക്കൂട്ട മര്‍ദനമാണ് തന്റെ സഹോദരന് നേരെയുണ്ടായതെന്ന് ഖുര്‍ഷിദിന്റെ ഇളയ സഹോദരന്‍ അന്‍വര്‍ പറഞ്ഞു. താടിയും തൊപ്പിയും ധരിച്ചതിനാലാണ് അദ്ദേഹത്തെ അവര്‍ മര്‍ദിച്ചത്. പണ്ഡിറ്റുകളും താക്കൂറുകളും കൂടുതലായുള്ള മേഖലയില്‍ വെച്ചാണ് കൊല നടന്നത്. പൊലീസ് പറയുന്നത് തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടെന്നാണ്. തന്റെ ജ്യേഷ്ഠന്‍ ആരുമായും തര്‍ക്കത്തിന് പോകുന്നയാളല്ല. അയല്‍ക്കാരുമായൊക്കെ നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന് -അന്‍വര്‍ പറഞ്ഞു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ ലഭ്യമാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഹിമാംശു പാണ്ഡേ എന്നയാളുടെ നേതൃത്വത്തിലാണ് ഖുര്‍ഷിദിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.
ഖുര്‍ഷിദ് മാനസികമായി വെല്ലുവിളിയുള്ള ഒരാള്‍ കൂടിയായിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിച്ചിരുന്നില്ല. ജോലിയുമുണ്ടായിരുന്നില്ല. ആശുപത്രികളില്‍ പോയി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നതെന്ന് സഹോദരന്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് ഖുര്‍ഷിദിനെ കാണാതായത്. ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.