MA Baby

എം.​എ.ബേ​ബി

സി.പി.എമ്മിനെ ഇനി എം.എ. ബേബി നയിക്കും; 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് അംഗീകാരം; 18 അംഗ പി.ബിയിൽ എട്ടു പേർ പുതുമുഖങ്ങൾ

മ​ധു​ര: സി.പി.എമ്മിന്‍റെ പുതിയ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് എം.എ ബേബി. 2012ലെ ​കോ​ഴി​ക്കോ​ട് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലാണ് ബേബി പി.​ബി അം​ഗ​മാ​യത്. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്.

85 അംഗ കേന്ദ്ര കമ്മിറ്റിക്ക് സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിൽ ഒരു ഒഴിവുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 20 ശതമാനം സ്ത്രീകളാണ്. കൂടാതെ, പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴു പേർ പ്രത്യേക ക്ഷണിതാക്കൾ. ആറംഗ സെൻട്രൽ കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു.

പിണറായി വിജയൻ, ബി.വി. രാഘവലു, എം.എ. ബേബി, തപൻ സെൻ, നിലോത്പാൽ ബസു, മുഹമ്മദ് സലിം, എ. വിജയരാഘവൻ, അശോക് ദാവ് ലെ, രാമചന്ദ്ര ദോം, എം.വി. ഗോവിന്ദൻ, അംറ റാം, വിജു കൃഷ്ണൻ, മറിയം ദാവ് ലെ, യു. വാസുകി, കെ. ബാലകൃഷ്ണൻ, ജിതേന്ദ്ര ചൗധരി, ശ്രിദീപ് ഭട്ടാചാര്യ, അരുൺ കുമാർ എന്നിവരാണ് പി.ബി. അംഗങ്ങൾ. ഇവരിൽ എട്ടു പേർ പുതുമുഖങ്ങളാണ്.

അതിനിടെ, 85 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് മഹാരാഷ്ട്ര സി.ഐ.ടി.യു സംസ്ഥാന അധ്യക്ഷൻ കൂടിയായ ഡി.എൽ. കരാഡ് മത്സരിച്ചു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മത്സരിച്ച കരാഡിന് 31 വോട്ട് ലഭിച്ചു. പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അസാധാരണ സാഹചര്യം സൃഷ്ടിച്ചാണ് കരാഡ് നേതൃത്വത്തെയും പ്രതിനിധികളെയും ഒന്നാകെ ഞെട്ടിച്ചത്.

പ്ര​കാ​ശ് കാ​രാ​ട്ടി​ന്റെയും കേ​ര​ള ഘ​ട​ക​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് ലഭിച്ചു. ജനറൽ സെ​ക്രട്ടറി സ്ഥാനത്തേക്കുള്ള എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ, പിന്മാറുകയായിരുന്നു. ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എം.എ. ബേബി. പാര്‍ലമെന്ററി പരിചയവും സംഘടനാ തലത്തിലെ മികവും ബേബിക്ക് അനുകൂലമായി. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്നു.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് എം.എ. ബേബി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1974ൽ എസ്.എഫ്.ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്.എഫ്.ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യ പ്രസിഡന്റായി. 1987ൽ ഡി.വെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി. 

1977ൽ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സി.പി.എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം.

2006 – 2011 കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986 മുതൽ രാജ്യസഭാംഗമായിരുന്നു. 

Full View

രാജ്യസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998 വരെ രാജ്യസഭാംഗമായി തുടർന്നു. കൊല്ലം പ്രാക്കുളത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ ഇളയ മകനായിരുന്നു എം.എ. ബേബി. 

Tags:    
News Summary - MA Baby as new CPIM General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.