ഭോപ്പാൽ: മധ്യപ്രദേശിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ സഹായം നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ കണക്കുകളൊന്നും അദ്ദേഹം പുറത്ത് വിട്ടില്ല.
മടങ്ങാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. എല്ലാ സൗകര്യങ്ങളും ആഭ്യന്തര മന്ത്രാലയം ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയിറക്കപ്പെട്ടവരുടെ വേദന അറിയാവുന്നതിനാൽ 'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണില്ലെന്ന കോൺഗ്രസ് രാജ്യസഭാംഗം വിവേക് തൻഖയുടെ പ്രസ്താവനയോട് പ്രതികരിച്ച മന്ത്രി, കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മധ്യപ്രദേശിലെ പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റ് തയാറാക്കണമെന്ന് എം.പിയോട് അഭ്യർഥിച്ചു.
വംശഹത്യയുടെ ഓർമ്മക്ക് വേണ്ടി സംസ്ഥാനത്ത് മ്യൂസിയം സ്ഥാപിക്കുമെന്ന് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ മ്യൂസിയം പ്രഖ്യാപനത്തെ എതിർത്ത് കോൺഗ്രസ് എം.പി ദിഗ്‌വിജയ സിങ് രംഗത്തെത്തി. ഭോപ്പാലിലെ മതസൗഹാർദ്ദം തകർക്കാൻ ആരേയും അനുവദിക്കില്ലെന്ന് ദിഗ്‌വിജയ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.