'കശ്മീർ ഫയൽസി'നെതിരെ ട്വീറ്റ്: ഐ.എ.എസ് ഓഫിസർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമയെ കുറിച്ച് വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനോട് മധ്യപ്രദേശ് സർക്കാർ വിശദീകരണം തേടും. ഇതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാന് സർക്കാർ നോട്ടീസ് നൽകുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെടുന്ന മുസ്ലിംകൾക്ക് വേണ്ടി ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് നിയാസ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രാണികളല്ലെന്നും മറിച്ച് പൗരൻമാർ തന്നെയാണെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ.എ.എസ് ഓഫിസർ നടത്തിയ പരാമർശം ഗൗരവതരമെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസർ അദ്ദേഹത്തിന്‍റെ പരിധി മറികടന്നതായും വിശദീകരണം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുസ്ലിംകൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങൾ തുറന്നു കാട്ടുന്ന പുസ്തകം എഴുതാൻ താൻ പദ്ധതിയിടുന്നതായും അതിലൂടെ ന്യൂനപക്ഷങ്ങളുടെ വേദനയും കഷ്ടപ്പാടും ജനങ്ങളിൽ എത്തിക്കുന്നതിന് കശ്മീർ ഫയൽ പോലൊരു സിനിമ നിർമിക്കുമെന്നും ഖാൻ പറഞ്ഞു. കശ്മീർ ഫയൽസിന് ലഭിക്കുന്ന വരുമാനം കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർക്ക് വീടുകൾ നിർമ്മിക്കുന്നതിനും വേണ്ടി കൈമാറണമെന്ന് സിനിമയുടെ നിർമാതാക്കളോട് ഖാൻ അഭ്യർഥിച്ചു.

ഐ.എ.എസ് ഓഫീസറുടെ ട്വീറ്റ് വൈറലായതോടെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി അനുമതി തേടിയിരുന്നു. മാർച്ച് 11ന് റിലീസ് ചെയ്ത കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറയുന്ന സിനിമ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചർച്ചക്ക് തുടക്കമിട്ടിരുന്നു.

മധ്യപ്രദേശും ഗുജറാത്തും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും സിനിമക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Madhya Pradesh IAS Officer Gets Notice Over Tweets On 'The Kashmir Files'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.