മുംബൈ: 100ഓളം വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച യുവാവ് നാഗ്പൂരിൽ പിടിയിൽ. 35കാരനായ ജഗ്ദീഷാണ് ഉക്കെയാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. കോളുകളിലൂടെയും ഇമെയിലിലൂടെയുമായിരുന്നു ഇയാളുടെ ഭീഷണി. ഡൽഹിയിൽ നിന്നും നാഗ്പൂരിലെത്തിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. 2021ലും സമാനമായ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീവ്രവാദത്തെ സംബന്ധിച്ച് ഇയാൾ പുസ്തകമെഴുതിയിട്ടുണ്ടെന്നും ഇത് ഓൺലൈനിൽ ലഭ്യമാണെന്നും നാഗ്പൂർ ഡി.സി.പി ലോഹിത് മതാനി പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് പൊലീസ് അറിയിപ്പ്. പൊതുജന ശ്രദ്ധ നേടുന്നതിനാണ് ഇയാൾ ഭീഷണി സന്ദേശം അയക്കുന്നതെന്നാണ് പൊലീസ് അറിയിപ്പ്.
ജനുവരി മുതൽ ഉക്കെ ഭീഷണി ഇമെയിലുകളിലൂടെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബർ 25 മുതൽ 30 വരെ 30ഓളം സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇയാൾ ഉയർത്തിയത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഇയാൾ ഭീഷണി ഉയർത്തിയിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കെതിരെ ഇയാൾ ഭീഷണി ഉയർത്തിയിരുന്നു. ഐ.പി അഡ്രസ് വഴിയാണ് ഇയാളെ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയത്. ഇൻഡിഗോ, വിസ്താര, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് എതിരെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. ആറ് എയർപോർട്ടുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു.
നിലവിൽ നാഗ്പൂർ സൈബർ സെല്ലിന്റെ കസ്റ്റഡിയിലാണ് പ്രതി. ഇയാൾ തുടർച്ചയായി മൊഴി മാറ്റുകയാണെന്നാണ് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടും ഇയാൾ ഇമെയിൽ അയച്ചിട്ടുണ്ട്. കാണാൻ അനുമതി നൽകിയില്ലെങ്കിൽ അഞ്ച് പേരുമായി പ്രതിഷേധിക്കുമെന്നും ചിലയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്നായിരുന്നു ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.