മുംബൈ: രാജ്യത്ത് കോവിഡ് രോഗബാധിതരും മരണനിരക്കും കുത്തനെ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്.
കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാൻ മോദിക്ക് പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിപ്പിച്ച പോലെ തന്നെ മരണ സർട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ഫോട്ടോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാൻ അവർക്ക് പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം' -നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
'രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിന് അനുസൃതമായി മരണ നിരക്കും വലിയ തോതിൽ ഉയർന്ന് െകാണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാൻ സ്ഥലവും സൗകര്യവുമില്ലാതെ ആളുകൾ വരി നിന്ന് കഷ്ടപ്പെടുന്ന വിഡിയോകൾ വൈറലാകുന്നു. നിലവിലെ സാഹചര്യത്തിന് കേന്ദ്രം ഉത്തരവാദിയാണ്. അതിന് ഉത്തരം നൽകാതെ ഒളിച്ചോടാനാകില്ല' -മാലിക് കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2.34 ലക്ഷം കടന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 1341 പേരായിരുന്നു 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.