പുനെ: സാധാരണക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം എങ്ങിനെയെന്ന് വിലയിരുത്താൻ പൊലീസ് സ്റ്റേഷനുകളിൽ കമ്മീഷണറുടെ വേഷം മാറിയുള്ള പരിശോധന. പിംപ്രി-ചിഞ്ച്വാഡ് പൊലീസ് കമ്മീഷണർ കൃഷ്ണപ്രകാശ് ആണ് പരാതിക്കാരന്‍റെ വേഷത്തിൽ സ്റ്റേഷനുകളിലെത്തിയത്. ഭാര്യയായി അസിസ്റ്റന്‍റ് കമ്മീഷണർ പ്രേരണ കാട്ടെയും വേഷമിട്ടു.
ഹിഞ്ചവാഡി, വാകട്, പിംപ്രി സ്റ്റേഷനുകളിലാണ് ഇരുവരും വേഷംമാറിയെത്തിയത്. നീണ്ട താടിവെച്ച്, കുർത്ത ധരിച്ച് പഠാൻ വേഷത്തിലായിരുന്നു കമ്മീഷണർ. ഓരോ സ്റ്റേഷനിലും വ്യത്യസ്ത പരാതികളുമായാണ് ഇവർ എത്തിയത്. മിക്ക സ്റ്റേഷനുകളിലും പൊലീസുകാർ അനുഭാവപൂർവം പരാതി പരിഗണിച്ചെന്ന് ഇവർ വിലയിരുത്തി. ദുരനുഭവം നേരിടേണ്ടിവന്ന ഒരു സ്റ്റേഷനിലെ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
ഭാര്യയെ സാമൂഹികവിരുദ്ധർ ആക്രമിച്ചെന്നും റോഡിൽവെച്ച് പടക്കം പൊട്ടിച്ചെന്നുമായിരുന്നു ഹിഞ്ചവാഡി പൊലീസ് സ്റ്റേഷനിൽ ഇവർ നൽകിയ പരാതി. വാകട് പൊലീസ് സ്റ്റേഷനിൽ ഭാര്യയുടെ മാല ഒരാൾ പൊട്ടിച്ചെന്നും പരാതി നൽകി. കോവിഡ് രോഗിയിൽനിന്ന് ആംബുലൻസുകാർ അമിത വാടക ഈടാക്കിയെന്ന പരാതിയാണ് പിംപ്രി സ്റ്റേഷനിൽ നൽകിയത്. പക്ഷേ, ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.
പരാതിക്കാരായ ദമ്പതികളെ സ്വീകരിച്ചതിൽ അപാകതയുണ്ടായെന്നും മോശമായി സംസാരിച്ചെന്നും വിലയിരുത്തിയ കൃഷ്ണപ്രകാശ് പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിവിഷണൽ അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സ്റ്റേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിന്നവർക്ക് താക്കീതും നൽകി. അതേസമയം, വേഷം മാറിയെത്തി തങ്ങളെ പരീക്ഷിച്ച കമ്മീഷണറുടെ നടപടിയിൽ പൊലീസുകാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.