മുംബൈ: കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അസ്ലം ശൈഖിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും നിലവിൽ രോഗലക്ഷണമില്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി നിർദേശിച്ചു. മുംബൈ നഗരത്തിെൻറ കോവിഡ് മേൽനോട്ട ചുമതല അസല്ം ശൈഖിനായിരുന്നു. മഹാരാഷ്ട്ര ടെക്സ്റ്റൈൽ, തുറമുഖ, ഫിഷറീസ് മന്ത്രിയാണ് ഇദ്ദേഹം.
കോവിഡ് മുൻകരുതലിെൻറ ഭാഗമായി നിയമസഭ ചേരുന്നത് നേരത്തേ ഒഴിവാക്കിയിരുന്നു. മന്ത്രിസഭ യോഗം വിഡിയോ കോൺഫറൻസ് വഴിയാണ് നടത്തുക. നേരത്തേ സംസ്ഥാനത്തെ നാലു മന്ത്രിമാർക്കും ചില ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ മൂന്നുലക്ഷത്തിൽ അധികം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 9,518 പേർക്കാണ്. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം 10,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽമാത്രം 24 മണിക്കൂറിനിടെ 1038 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 64 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.