മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദത്തിൽനിന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിന്മാറിയെങ്കിലും വകുപ്പുകളെ ചൊല്ലി മഹായുതിയിൽ തർക്കം തുടരുന്നു. ആഭ്യന്തരവകുപ്പിനായാണ് പ്രധാനമായും തർക്കം. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രി പദത്തിലിരിക്കാനാണ് ഷിൻഡെക്ക് ആഗ്രഹമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാൻ ബി.ജെ.പി തയാറല്ല. ഷിൻഡെ ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് ഷീർസാട് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഉപമുഖ്യമന്ത്രിയാകാൻ പ്രയാസമുണ്ടെങ്കിൽ ഷിൻഡെക്ക് കേന്ദ്രത്തിൽ മന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നാവിസ്, ഷിൻഡെ, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവർ ഡൽഹിയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കുശേഷം ചിത്രം വ്യക്തമായേക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. ബി.ജെ.പി (132), ഷിൻഡെ (57), അജിത് (41) കൂട്ടുകെട്ടിലെ മഹായുതിക്ക് 230 സീറ്റുകളാണ് കിട്ടിയത്. 145 ആണ് കേവല ഭൂരിപക്ഷം. എന്നിട്ടും മുഖ്യമന്ത്രിപദ, വകുപ്പ് തർക്കത്തെതുടർന്ന് സർക്കാർ രൂപവത്കരണം നീളുകയാണ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബി.ജെ.പി നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. 16 എം.എൽ.എമാരുള്ള കോൺഗ്രസ് നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പാർട്ടി ദേശീയാധ്യക്ഷന്‍ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.