ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക പ്രയാസം; രാജ്യത്ത് 57 ശതമാനം സാധാരണ തൊഴിലാളികൾക്കും മാസവരുമാനം 20,000ൽ താഴെ

ന്യൂഡൽഹി: രാജ്യത്തെ സാധാരണ തൊഴിലാളികളുടെ (ബ്ലൂ കോളർ ജോലികൾ) മാസവരുമാനം ജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമല്ലെന്ന് പഠനറിപ്പോർട്ട്. നിർമാണ തൊഴിലാളികളും ഫാക്ടറി ജീവനക്കാരും ദിവസക്കൂലിക്കാരും ഉൾപ്പെടുന്ന സാധാരണ തൊഴിലാളികളിൽ 57.63 ശതമാനം തൊഴിലാളികൾക്കും മാസവരുമാനം 20,000 രൂപയിൽ താഴെയാണെന്ന് തൊഴിൽ റിക്രൂട്ടിങ് പ്ലാറ്റ്ഫോമായ 'വർക്ക് ഇന്ത്യ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

57.63 ശതമാനം തൊഴിലാളികൾക്കും ഒരു മാസം അധ്വാനിച്ചാൽ ലഭിക്കുന്നത് 20,000ൽ താഴെ മാത്രമാണ്. ഈ വരുമാനം തൊഴിലാളികൾക്ക് ഗാർഹിക ചെലവ്, ആരോഗ്യ ചെലവ്, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 20,000നും 40,000നും ഇടയിൽ മാസവരുമാനം ലഭിക്കുന്നത് 29.34 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ്. ഈ വിഭാഗത്തിലെ തൊഴിലാളികൾക്ക് സാമ്പത്തിക കാര്യത്തിൽ നേരിയ ആശ്വാസമുണ്ടെങ്കിലും സംതൃപ്തമായ ജീവിതനിലവാരം പുലർത്താൻ ഈ വരുമാനം വഴി സാധിക്കുന്നില്ല.

സാധാരണ തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനവും കൂടിയ വേതനമുള്ള ജോലികളുടെ അഭാവവും സമൂഹത്തിലെ വലിയൊരു വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്നത്തെ മാത്രമല്ല കാണിക്കുന്നതെന്നും, സാമൂഹിക കെട്ടുറപ്പിനെയും സാമ്പത്തിക വളർച്ചയെയും വരെ ബാധിക്കുന്നതാണെന്നും വർക്ക് ഇന്ത്യ സി.ഇ.ഒ നിലേഷ് ദംഗർവാൾ ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തെ നേരിടാൻ നൈപുണ്യ വികാസം, കൂലി പരിഷ്കരണം, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികൾ ആവശ്യമാണ് -അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് പ്രകാരം, സാധാരണ തൊഴിൽമേഖലയിലെ ചെറിയ ശതമാനം (10.71) ആളുകൾക്ക് മാത്രമാണ് 40,000നും 60,000നും ഇടയിൽ മാസവരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത്. 2.31 ശതമാനം പേർക്ക് മാത്രമാണ് 60,000ൽ കൂടുതൽ പ്രതിമാസ വരുമാനം ലഭിക്കുന്നത്. ബ്ലൂ കോളർ മേഖലയിൽ മികച്ച വരുമാനമുള്ള ജോലികളുടെ അഭാവമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫീൽഡ് സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കൂടുതൽ പേർക്ക് 40,000ൽ കൂടുതൽ വേതനം ലഭിക്കുന്നത്. 33.84 ശതമാനം പേർക്ക്. ഓഫിസ് അസിസ്റ്റന്‍റുമാരിൽ 33.10 ശതമാനം പേർക്കും 40,000ൽ കൂടുതൽ ലഭിക്കുന്നു. ടെലി കാളിങ് മേഖലയിൽ 26.57 ശതമാനം പേർക്കും അക്കൗണ്ടിങ് മേഖലയിൽ 24.71 ശതമാനം പേർക്കും 40,000ൽ കൂടുതൽ വരുമാനമുണ്ട്. വിദഗ്ധ പാചകത്തൊഴിലാളികളിൽ 21.22 ശതമാനം പേർക്കും റിസപ്ഷനിസ്റ്റുകളിൽ 17.6 ശതമാനം പേർക്കും 40,000ന് മുകളിലുണ്ട്. അതേസമയം, ഡെലിവറി ജോലിക്കാരിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വേതനം ലഭിക്കുന്നത്. ഇവരിൽ 16.23 ശതമാനം പേർക്ക് മാത്രമാണ് ഉയർന്ന ശമ്പളം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർക്ക് ഇന്ത്യ പ്ലാറ്റ്ഫോം വഴി സമാഹരിച്ച 24 ലക്ഷം തൊഴിൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. 

Tags:    
News Summary - Majority of Blue-Collar Jobs Pay Less Than Rs 20,000: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.