നെഹ്റു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് നിർമല; ഭരണഘടനയെയും ദേശീയ പതാകയെയും അശോക ചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് ഖാർഗെ

ന്യൂഡൽഹി: ഭരണഘടനയെ കുറിച്ചുള്ള സംവാദത്തിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വിമർശിച്ച ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാ​ർഗെ. ''ഞാൻ പഠിച്ചത് മുനിസിപ്പാലിറ്റി സ്കൂളിലാണ്. എനിക്ക് വായിക്കാനറിയാം. എന്നാൽ നിർമല സീതാരാമൻ പഠിച്ചത് ജെ.എൻ.യുവിലാണ്. അതിനാൽ അവരുടെ ഇംഗ്ലീഷ് മികച്ചതാണ്. ഹിന്ദിയും കൊള്ളാം. അവർക്ക് സാമ്പത്തിക കാര്യങ്ങളിൽ നല്ല അവഗാഹവുമുണ്ട്. എന്നാൽ അവരുടെ പ്രവൃത്തി ശരിയല്ല''- എന്നായിരുന്നു ഖാർഗെയുടെ മറുപടി.

മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ഭരണഘടന ഭേദഗതി കൊണ്ടുവന്നത് ജനാധിപത്യം ശക്തിപ്പെടുത്താനല്ല, മറിച്ച് അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്നായിരുന്നു നിർമലയുടെ വാദം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പുകൾപെറ്റ രാജ്യമാണ് ഇന്ത്യ. എന്നാൽ ആദ്യ സർക്കാർ തന്നെ അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള ഭരണ​ഘടന ഭേദഗതി കൊണ്ടുവന്നുവെന്നും നിർമല സീതാരാമൻ ആരോപിക്കുകയുണ്ടായി. ഇതിനു മറുപടിയുമായാണ് ഖാർഗെ രംഗത്തുവന്നത്.

ഭരണഘടനയെയും ദേശീയ പതാകയെയും അശോക ചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടന കത്തിച്ചവരാണ് ഇവര്‍. അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ വിമർശനമുയർത്തി.

1951ലെ ഭരണഘടന ഭേദഗതി​യിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നെഹ്റു നിരോധനം കൊണ്ടുവന്നു എന്നായിരുന്നു നിർമലയുടെ വാദം. എന്നാൽ ഭരണഘടന അംഗീകരിച്ച ദിവസം ബി.ജെ.പി രാംലീല മൈതാനത്ത് (ഡൽഹിയിലെ) ബാബാ സാഹെബ് അംബേദ്കർ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി എന്നിവരുടെ കോലം കത്തിച്ചുവെന്ന് ഖാർഗെ മറുപടി നൽകി.  

Tags:    
News Summary - Mallikarjun Kharge's dig at Nirmala Sitharaman for Nehru attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.