കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ തൃണമൂൽ മന്ത്രിയുടെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യക്തികളെ അധിക്ഷേപിക്കുന്നത് തന്റെ പാർട്ടിയുടെ സംസ്കാരത്തിൽ പെട്ടതല്ലെന്നാണ് മമത പ്രതികരിച്ചത്. ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുമ്പോൾ എം.എൽ.എ രണ്ടുവട്ടം ചിന്തിക്കണമെന്നും മമത മുന്നറിയിപ്പു നൽകി. മന്ത്രിയുടെ പരാമർശത്തിൽ പാർട്ടിയും മാപ്പുപറയുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
''രാഷ്ട്രപതിയെ ഞങ്ങൾ വളരെയധികം ബഹുമാനിക്കുന്നു. അവർ വളരെ നല്ല സ്ത്രീയാണ്. ആ പരാമർശത്തിൽ ഞാൻ മാപ്പു പറയുന്നു. അഖിൽ ഗിരി തെറ്റാണ് ചെയ്തത്. അദ്ദേഹത്തിന്റെ പരാമർശത്തെ അപലപിക്കുന്നു.''-മമത പറഞ്ഞു. പുറമെയുള്ള കാഴ്ചയല്ല സൗന്ദര്യം. നിങ്ങളുടെ ഉൾക്കാഴ്ചയാണതെന്നും മമത കൂട്ടിച്ചേർത്തു.
നന്ദിഗ്രാമിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ രൂപം സംബന്ധിച്ച് മന്ത്രി വിവാദപരാമർശം നടത്തിയത്. അവർ (ബി.ജെ.പി) പറയുന്നു, ഞാൻ (അഖിൽ ഗിരി) സുന്ദരനല്ല. അദ്ദേഹം എത്ര സുന്ദരനാണെന്ന്! ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. നിങ്ങളുടെ രാഷ്ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. നിങ്ങളുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്?"-എന്നാണ് അഖിൽ ഗിരി ചോദിച്ചത്. 17 സെക്കൻഡ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരുത്തരവാദപരമായ പരാമർശം നടത്തിയ മന്ത്രിയെ പാർട്ടിയും കൈയൊഴിഞ്ഞു.ഒടുവിൽ മാപ്പു പറഞ്ഞ് മുഖം രക്ഷിക്കുകയായിരുന്നു അഖിൽ ഗിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.