മമതയുടെ ദേശീയ മോഹങ്ങളും അഭിഷേകിന്‍റെ വരവും

ബംഗാളിൽ ബി.ജെ.പി ഉയർത്തിയ വലിയ വെല്ലുവിളിയെ മികച്ച മാർജിനിൽ മറികടന്ന മമത ദേശീയ തലത്തിലെ സാധ്യതകൾ കാര്യമായി പരിഗണിക്കുന്നുവെന്നാണ്​ പുതിയ റിപ്പോർട്ടുകൾ. ബംഗാളിൽ ബി.ജെ.പി കാടിളക്കി നടത്തിയ പ്രചരണ ബഹളങ്ങൾക്ക്​ ശേഷവും, തെരഞ്ഞെടുപ്പ്​ നടന്ന 292 ൽ 77 എന്ന നിലയിൽ അവരെ തളക്കാനായത്​ മമതയുടെ വിജയമായാണ്​ കരുതുന്നത്​. ബംഗാളിൽ മിന്നുന്ന വിജയത്തിലൂടെ മോദി-അമിത്​ഷാ ദ്വന്ദത്തിന്‍റെ ത​ന്ത്രങ്ങളെ നേരിടാൻ കഴിയുന്ന ശക്​തയായ പോരാളി എന്ന പ്രതിഛായ സൃഷ്​ടിക്കാൻ മമതക്കായിട്ടുണ്ട്​. ഇൗ പ്രതിഛായ ഉപയോഗപ്പെടുത്തി ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്‍റെ മുഖമാകുന്നതിന്‍റെ സാധ്യതയാണ്​ മമത പരിശോധിക്കുന്നത്​. മമത ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ബംഗാളിൽ പിന്നെയാര്​ എന്ന ചോദ്യത്തിന്​ ഉത്തരമായി അവരുടെ മരുമകനും എം.പിയുമായ അഭിഷേക്​ ബാനർജി ഉയർന്നു വരികയും ചെയ്യുന്നുണ്ട്​.

ബംഗാൾ ഇന്ത്യയെയും ജനാധിപത്യത്തെയും മാനവികതയെയുമാണ്​ രക്ഷിച്ചതെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലത്തെ കുറിച്ച്​ മമത പ്രതികരിച്ചത്​. കോവിഡ്​ വാക്​സിന്​ വിലയീടാക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ തീരുമാനത്തെയും അതിനിടയിൽ അവർ വിമർശിച്ചു. 'നമ്മളിവിടെ എല്ലാവർക്കും സൗജന്യ വാക്​സിൻ നൽകും, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും സൗജന്യമായി വാക്​സിൻ നൽകണമെന്ന്​ കേന്ദ്രത്തോട്​ ഞാൻ ആവശ്യപ്പെടുന്നു' -മമത പറഞ്ഞു. കേന്ദ്രം വാക്​സിൻ സൗജന്യമായി നൽകിയില്ലെങ്കിൽ അതിനെതിരെ സമാധാനപരമായ സമരം തുടങ്ങുമെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ ഫലം വന്ന ശേഷമുള്ള ആദ്യ പ്രതികരണം തന്നെ കേന്ദ്രത്തിനെതിരായ സമരപ്രഖ്യാപനമാക്കി മാറ്റിയത്​ കൃത്യമായ സൂചനയായാണ്​ രാഷ്​ട്രീയ നിരീക്ഷകർ കരുതുന്നത്​. മമതയുടെ ഭാവി രാഷ്​ട്രീയ നീക്കങ്ങളുടെ ദിശയാണ്​ ആദ്യപ്രതികരണത്തിൽ തന്നെ അവർ വ്യക്​തമാക്കിയത്​. ബി.ജെ.പിക്കെതിരായ യഥാർഥ രാഷ്​ട്രീയ ബദലുയർത്താൻ തനിക്കാകുമെന്ന്​ ബംഗാൾ മാതൃക ചുണ്ടികാട്ടി പറയാതെ പറയുകയാണ്​ അവർ. ബംഗാളിൽ ബി.ജെ.പി ഉയർത്തിയത്​ ശക്​തയമായ വെല്ലുവിളിയായിരുന്നു. ദേശീയ തലത്തിൽ ബിജെ.പിക്ക്​ ബദലാകുമെന്ന്​ കരുതുന്ന ഇടത്​-കോൺഗ്രസ്​ സഖ്യവും ഒരു ഭാഗത്തുണ്ടായിരുന്നു. ഈ രണ്ട്​ വെല്ലുവിളികളെയും ഒരേ സമയം മറികടന്നാണ്​ അവർ മിന്നുന്ന വിജയം നേടിയത്​. ബി.ജെ.പിക്കെതിരായ ജനവികാരത്തെ പ്രതിനിധീകരിക്കാൻ തനിക്കാകുമെന്ന ആത്മവിശ്വാസം ദേശീയ തലത്തിലൊരു പരീക്ഷണത്തിന്​ അവരെ പ്രേരിപ്പിക്കുന്നുമുണ്ട്​.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ, പ്രത്യേകിച്ച്​ ന്യൂനപക്ഷ വോട്ടുകൾ ഉറപ്പാക്കാൻ മമതക്കായി. മുന്ന്​ പതിറ്റാണ്ടോളം തുടർച്ചയായി ബംഗാൾ ഭരിച്ച സി.പി.എമ്മിന്​ ഇത്തവണ ഒരു സീറ്റു പോലും ജയിക്കാനായിട്ടില്ല. കോൺഗ്രസിന്‍റെയും സ്​ഥിതി വ്യത്യസ്​തമല്ല. ഇടത്​-കോൺഗ്രസ്​-ഐ.എസ്​.എഫ്​ സഖ്യം രുപീകരിച്ചിട്ടുപോലും വോട്ടു വിഹിതത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും വലിയ കുറവാണുണ്ടായത്​. 'ബി​.ജ.പിക്കെതിരെ മമത' എന്ന്​ വോട്ടർമാരെ വിശ്വസിപ്പിക്കാൻ തൃണമൂലിനായതാണ്​ ഇടത്​-

കോൺഗ്രസ്​ സഖ്യത്തിന്​ തിരിച്ചടിയായത്​. ബി.ജെ.പി വിരുദ്ധ വോട്ടുകൾ തൃണമൂലിനും ഇടത്​-കോൺഗ്രസ്​ സഖ്യത്തിനുമായി ഭിന്നിക്കു​ന്ന വിടവിലൂടെ നേട്ടമുണ്ടാക്കമെന്ന ബി.ജെ.പിയുടെ കണക്കു കൂട്ടലും പിഴച്ചു.

അഭിഷേകിന്‍റെ വരവ്​

ബംഗാളിലെ തൃണമൂലിന്‍റെ വിജയത്തിന്​ പറികിൽ ഒരു ചെറുപ്പക്കാരന്‍റെ ഉദയം കൂടിയുണ്ട്​. മമതയുടെ മരുമകനും എം.പിയുമായ അഭിഷേക്​ ബാനർജിയാണത്​. മോദി, അമിത്​ ഷാ അടക്കമുള്ള ബി.ജെ.പിയുടെ താരപ്രചാരകർ ഉയർത്തിയ കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിൽ മമത ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ​അടിത്തട്ടിൽ തന്ത്രങ്ങളൊരുക്കിയതും​ പ്രവർത്തനങ്ങ​െള ഏകോപിപ്പിച്ചതും 33 കാരനായ ഈ എം.ബിഎ കാരനാണ്​. അഭിഷേകിന്‍റെ കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന സൗത്ത്​ 24 പർഗാന മേഖലയിൽ 31 സീറ്റിൽ 29 ഉം തൃണമൂലാണ്​ വിജയിച്ചത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയ മേഖലകളിൽ കൂടി തൃണമൂലിന്‍റെ വിജയം ഉറപ്പിക്കാനായത്​ അഭിഷേകിന്‍റെ നേട്ടമായായാണ്​ വിലയിരുത്തപ്പെടുന്നത്​.

2014 ലാണ്​ അഭിഷേക്​ ബാനർജി എം.പിയാകുന്നത്​. ശേഷം, ഒരു എം.പി എന്നതിലധികം തൃണമൂൽ അണികളിൽ അദ്ദേഹം ആസൂത്രിതമായി സ്വാധീനമുറപ്പിക്കുന്നതാണ്​ പിന്നീട്​ കണ്ടത്​.

2016 ൽ മമതയുടെ നേതൃത്വത്തിൽ തൃണമുൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്യു​േമ്പാൾ ഹാളിൽ അഭിഷേക്​ ബാനർജിയുടെ ചിത്രങ്ങളും പ്ലക്കാർഡുകളും പിടിച്ച്​ അണികളുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത്​ പരിക്കേറ്റ്​ മമത ചക്രകസേരയിലേക്ക്​ മാറിയപ്പോൾ തൃണമൂലിന്‍റെ വേദികളിലെ സ്​ഥിര സാന്നിധ്യമായി അഭിഷേക്​ ബാനർജി മാറി. ഒരു ദിവസം അഞ്ചും ആറും പരിപാടികളിൽ അദ്ദേഹം ഒാടി നടന്ന്​ പ്രസംഗിച്ചു.

സുവേന്ദു അധികാരിയെ പോലെ ജനസ്വാധീനമുള്ള നേതാക്കൾ തൃണമൂൽ വിട്ടതോടെ ഒഴിവു വന്ന നേതൃവിടവ്​ കൃത്യസമയത്ത്​ നികത്തുകയായിരുന്നു അഭിഷേക്​ ബാനർജി. മറ്റൊരർഥത്തിൽ പറഞ്ഞാൽ ആ സാധ്യതയെ അദ്ദേഹം സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. പാർട്ടിയെ നയിക്കാൻ കഴിയുന്ന പുതുതലമുറയുടെ പ്രതിനധിയാണ്​ താ​െനന്ന്​ അദ്ദേഹം തെളിയിച്ചു.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ്​ പ്രചരണത്തോടെ പാർട്ടിയിലെ രണ്ടാമൻ എന്ന പ്രതീതി ജനിപ്പിക്കാനും അദ്ദേഹത്തിനായി. ബി.ജെ.പിയുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ വിശ്വസ്​തർ പോലും കൂടുമാറിയപ്പോൾ വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു നേതൃനിരയെ കണ്ടെത്താൻ മമത നിർബന്ധിതയാകുകയും ചെയ്​തു. മരുമകൻ കൂടിയായ അഭിഷേകിന്​ നറുക്ക്​ വീഴാൻ അതും കാരണമാണ്​.

അതേസമയം, അഭിഷേക്​ കൂടുതൽ ശക്​തനാകുന്നത്​ ചില നേതാക്കളെയെങ്കിലും പിണക്കാൻ സാധ്യതയുണ്ട്​. അവസരത്തിനായി തക്കം പാർത്തിരിക്കുന്ന ബി.ജെ.പി അത്തരം അസംതൃപ്​തികളെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. തൃണമൂൽ കോൺഗ്രസിനോ അതിന്‍റെ നേതാക്കൾക്കോ പ്രത്യേകിച്ച്​ പ്രത്യയശാസ്​ത്ര പ്രതിബദ്ധതയൊന്നും ഇല്ലാത്തതിനാൽ അസംതൃപ്​തികളെ മുഖവിലക്കെടുക്കാതെ തീരുമാനങ്ങളെടുക്കാൻ മമതക്കുമാകില്ല.

ബംഗാളിലെ മമതയുടെ ഹാട്രിക്​ വിജയത്തിന്‍റെ തിളക്കമേറ്റുന്നത്​ ബിജെ.പി ഉയർത്തിയ ശക്​തമായ വെല്ലുവിളി മറികടന്നുവെന്നതാണ്​. ആ തിളക്കം ദേശീയ രാഷ്​ട്രീയത്തിൽ ഒരു കൈ പയറ്റുന്നതിന്​ മമതയെ പ്രചോദിപ്പിക്കുന്നുമുണ്ട്​. ബംഗാളിൽ നിന്ന്​ ശ്രദ്ധ മാറ്റു​േമ്പാൾ വിശ്വസ്​തരായവരെ അവിടെ അവരോധിച്ചില്ലെങ്കിൽ ബി.ജ.പി അവസരം മുതലെടുക്കുമെന്ന്​ മമതക്കറിയാം. ഈ സാഹചര്യങ്ങളെല്ലാം അഭിഷേക്​ ബാനർജിക്ക്​ അവസരങ്ങളുടെ വാതിൽ തുറക്കാനാണ്​ സാധ്യത.

Tags:    
News Summary - mamatha's aspirations and rise of abhishek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.