കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മാസ്ക് ധരിക്കാതെ ബി.ജെ.പി പ്രവർത്തകർ. മാസ്ക് ധരിക്കാത്തത് സംബന്ധിച്ച് ആരാഞ്ഞ ടെലിവിഷൻ റിപ്പോർട്ടറോട് ബി.ജെ.പി അനുയായി പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
കൊറോണ വൈറസിനെ സൂര്യരശ്മികൾ കൊലപ്പെടുത്തുമെന്നായിരുന്നു പ്രവർത്തകന്‍റെ പ്രതികരണം. ഏപ്രിൽ ആദ്യവാരമായിരുന്നു ബംഗാളിലെ കൂച്ച് ബീഹാറിൽ മോദിയുടെ റാലി.
ലല്ലൻടോപ് റിപ്പോർട്ടറാണ് പ്രധാനമന്ത്രിയുടെ റാലിക്കിടെ മാസ്ക് ധരിക്കാത്ത പ്രവർത്തകരോട് സംഭവം ആരാഞ്ഞത്. 'ഞാൻ സൂര്യന് കീഴിൽ ഇരിക്കും. കൊറോണ വൈറസിനെ അത് ഇല്ലാതാക്കും. എനിക്ക് കൊറോണ വൈറസിനെ പേടിയില്ല. സൂര്യപ്രകാശം ഏൽക്കുേമ്പാൾ ശരീരം വിയർക്കും, ഇതോടെ കൊറോണ വൈറസ് നിങ്ങളെ തൊടില്ല. ഇതാണ് എന്‍റെ വിശ്വാസം, അതിനാൽ ഞാൻ മാസ്ക് ധരിക്കില്ല' -പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
ദ ലല്ലൻടോപ്പ് ചാനൽതന്നെ വിഡിയോ യു ട്യൂബിൽ പങ്കുവെക്കുകയായിരുന്നു. ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ ഇതുവരെ കണ്ടത്. ബി.ജെ.പി അനുയായിയുടെ വിചിത്രമായ വാദത്തിനെതിരെ നിരവധിപേർ പ്രതികരണവുമായെത്തി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് ധരിക്കലും കോവിഡ് മാനദണ്ഡങ്ങളും നിർബന്ധമാക്കിയിരുന്നു. രാജ്യത്ത് രണ്ടുലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.