'രാഹുൽ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു'; ഭാരത് ജോഡോ യാത്രക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്ന് ബി.ജെ.പി

ജയ്പൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ബി.ജെ.പി പ്രവര്‍ത്തകനെന്ന് സ്വയം അവകാശപ്പെട്ട മുപ്പത്തെട്ടുകാരനായ കുല്‍ദീപ് ശര്‍മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജസ്ഥാനിലെ കോട്ട രാജീവ് ഗാന്ധി നഗറിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ സമീപത്തായിരുന്നു കുൽദീപ് ശർമ്മയുടെ ആത്മഹത്യാശ്രമം.

കുൽദീപിന്‍റെ ആത്മഹത്യാശ്രമം കണ്ട ഭാരത് ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വളരെ വേഗം ഇയാളെ രക്ഷപെടുത്തുകയായിരുന്നു. എന്നാൽ കുൽദീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രാഹുലിന്റേയു കുടുംബത്തിന്റേയും ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളിൽ മനംനൊന്താണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി പ്രാദേശികനേതൃത്വമാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നെഹ്റു കുടുംബത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നയാളാണ് കുല്‍ദീപ് ശർമ്മയെന്ന് ബി.ജെ.പ ജില്ലാ പ്രസിഡന്റ് പറഞ്ഞു. കുൽദീപിന് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

കുല്‍ദീപ് ആത്മഹത്യക്ക് ശ്രമിക്കുന്നതിന്റെയും, യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് കോട്ട സിറ്റി പോലീസ് സൂപ്രണ്ട് കേസർ സിംഗ് ഷെഖാവത്ത് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച കുല്‍ദീപ് ശര്‍മ കടുത്ത മതമൗലികവാദിയെപ്പോലെയാണ് പെരുമാറുന്നതെന്നും മാധ്യമശ്രദ്ധ നേടാനും വിലകുറഞ്ഞ പ്രചാരണം നേടാനും മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ആത്മഹത്യാ നാടകമെന്നും പൊലീസ് പറയുന്നു.

'കുൽദീപ് പല പാളികളുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. വേഗത്തിൽ തീപിടിക്കാതിരിക്കാനായിരുന്നു ഇത്. തീകൊളുത്താൻ ശ്രമിച്ച ഉടൻ പോലീസുകാർ ഇടപെട്ട് തടഞ്ഞു'-എസ്.പി പറഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ഇയാളെ പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.

Tags:    
News Summary - Man attempts suicide at Bharat Jodo Yatra in Rajasthan’s Kota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.