ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ പാവൂർഛത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ ഒരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഐ.ടി ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം (30) ആണ് മരിച്ചതെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് സുബ്രഹ്മണ്യം പകർത്തിയ വിഡിയോയിൽ രാമലിംഗം, ശരവണരാജ് രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദിയെന്ന് പറയുന്നുണ്ട്.
കഴിഞ്ഞ രണ്ടര വർഷമായി രാമലിംഗം, ശരവണരാജ് രാമചന്ദ്രൻ എന്നിവർ മാനസികമായും ജോലിസംബന്ധമായും തന്നെ പീഡിപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യം ഭാര്യക്കയച്ച വിഡിയോയിൽ പറയുന്നു. അഭിഭാഷകനായ രാമലിംഗം ബി.ജെ.പി പ്രവർത്തകനാണ്. തന്റെ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാം. തനിക്കും തന്റെ കമ്പനിക്കും ഇയാൾ നോട്ടീസ് അയച്ചിരുന്നെന്നും സുബ്രഹ്മണ്യം പറഞ്ഞു. സൗജന്യമായി പ്രൊജക്ട് ചെയ്ത് കൊടുക്കണമെന്ന് രാമലിംഗം ആവശ്യപ്പെട്ടിരുന്നെന്നും അതിന് വിസമ്മതിച്ചതിന് കഴിഞ്ഞ രണ്ടര വർഷമായി അയാൾ പീഡിപ്പിക്കുകയാണെന്നും വിഡിയോയിൽ പറയുന്നു.
സർക്കാരും എം.കെ സ്റ്റാലിനും സംഭവത്തിൽ ഇടപെടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സുബ്രഹ്മണ്യം വിഡിയോയിൽ അഭ്യർത്ഥിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്നും സുബ്രഹ്മണ്യത്തിന്‍റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും റെയിൽവെ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.