മണിശങ്കർ അയ്യർ
ന്യൂഡൽഹി: കോൺഗ്രസിനെ ചൊടിപ്പിക്കുന്ന പരാമർശവുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ വീണ്ടും രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാംബ്രിജ് സർവകലാശാലയിലും പിന്നീട് ലണ്ടനിലെ ഇംപീരിയൽ കോളജിലും എളുപ്പം ജയിക്കാമായിരുന്ന അവസ്ഥയിലും തോൽവി നേരിട്ടത് അനുസ്മരിച്ചാണ് പാർട്ടിയെ ചൊടിപ്പിക്കുകയും എതിരാളികളായ ബി.ജെ.പിയെ സന്തോഷിപ്പിക്കുകയും ചെയ്തത്. രണ്ടര മണിക്കൂറിലേറെയുള്ള യൂട്യൂബ് അഭിമുഖത്തിലെ കുറച്ചുഭാഗമാണ് വൈറലായത്. അക്കാദമിക തലത്തിൽ തോറ്റെങ്കിലും രാജീവ് മികച്ച പ്രധാനമന്ത്രിയായിരുന്നുവെന്ന് മണിശങ്കർ അയ്യർ പറയുന്നുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പാർട്ടി നയിക്കാനും തന്ത്രം തയാറാക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അയ്യർ ഇത് പറഞ്ഞത്. മൂക ബാലിക എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയത്തിലെത്തിയപ്പോൾ കരുത്ത് തെളിയിച്ചു. രാജീവ് എങ്ങനെയാണ് മികച്ച പ്രധാനമന്ത്രിയാവുക എന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ, ഒരവസരം വന്നപ്പോൾ അദ്ദേഹം കഴിവ് തെളിയിച്ചു. അതുപോലെ രാഹുലിന്റെ കാര്യത്തിൽ നമുക്ക് കാത്തിരിക്കാമെന്നായിരുന്നു മണിശങ്കർ അയ്യരുടെ വാക്കുകൾ.
ബി.ജെ.പി വക്താവ് അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ അയ്യരുടെ വാക്കുകൾ ഏറ്റുപിടിച്ച് രംഗത്തെത്തിയപ്പോൾ ഹരീഷ് റാവത്ത്, താരിഖ് അൻവർ തുടങ്ങി കോൺഗ്രസ് നേതാക്കൾ മറുപടിയുമായെത്തി. അദ്ദേഹം അപ്രസക്തനും അസ്വസ്ഥനുമാണെന്നായിരുന്നു ഹരീഷ് റാവത്തിന്റെ പ്രതികരണം. മണിശങ്കർ അയ്യർ കോൺഗ്രസിനുള്ളിൽ ബി.ജെ.പിയുടെ സ്ലീപ്പർ സെല്ലായി പ്രവർത്തിക്കുകയാണെന്ന് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.