മണിപ്പൂര്‍ സന്ദർശിച്ച സി.പി.ഐ നേതാവ് ആനിരാജ അടക്കമുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസ്

ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശിച്ച സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ്‌ കമ്മറ്റിയംഗം ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബി.ജെ.പി സര്‍ക്കാര്‍. മണിപ്പൂരിലെ കലാപം ബി.ജെ.പി സര്‍ക്കാര്‍ സ്‌പോണസര്‍ ചെയ്‌തതാണെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബി.ജെ.പി നല്‍കിയ കേസിലാണ് നടപടി. എട്ടാം തീയതിയാണ് കേസെടുത്തത്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ മെയ്തേയി സ്ത്രീകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറുന്നു എന്ന ആരോപണവും ഇവര്‍ക്കെതിരായ കേസില്‍ പറയുന്നു.

മണിപ്പൂരില്‍ നാല്‌ ദിവസം ചെലവഴിക്കാന്‍ സാധിച്ചതില്‍ നിന്നു കലാപത്തിനു ഉത്തരവാദികള്‍ സംസ്‌ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരാണെന്നു ബോധ്യമായതായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആനിരാജ വ്യക്തമാക്കിയിരുന്നു.

കലാപം പൊട്ടിപുറപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ ഇന്റലിജന്‍സ്‌ നല്‍കിയ മുന്നറിയിപ്പ്‌ സര്‍ക്കാര്‍ അവഗണിച്ചിടത്തു നിന്നാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്‌. ജനുവരി മുതല്‍ സാമൂഹിക ലഹളയ്‌ക്കുള്ള സാധ്യതകള്‍ മണിപ്പൂരില്‍ എരിഞ്ഞു തുടങ്ങിയിരുന്നു. തലസ്‌ഥാനമായ ഇംഫാലില്‍ സ്‌ഥലം കൈയേറി എന്നാരോപിച്ച്‌ സര്‍ക്കാര്‍ തന്നെ പള്ളികള്‍ പൊളിച്ചുമാറ്റിയതും സ്‌ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു. കൃത്യമായ രേഖകള്‍ കൈവശംവച്ച ദേവാലയങ്ങളാണു സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. അന്ന്‌ തന്നെ മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കി. പിന്നീട്‌ കലാപം ആരംഭിച്ചതിന്‌ പിന്നാലെ മെയ്‌തേയി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സ്‌പര്‍ധ വളര്‍ത്തുന്നതിനാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. കലാപ സാധ്യത മുന്നില്‍ കണ്ടു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണിപ്പൂരിലെ സംഭവങ്ങള്‍ക്ക്‌ തടയാനാകുമായിരുന്നുവെന്നും ആനി രാജ പറഞ്ഞു.

മണിപ്പൂര്‍ യാത്രയില്‍ ആറോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിച്ചു. കലാപം അതിരൂക്ഷമായ പ്രദേശങ്ങളുള്ള രണ്ട്‌ ജില്ലകളില്‍ എത്തി കലക്‌ടര്‍മാരുമായി സ്‌ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. അതിസങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ്‌ മണിപ്പൂര്‍ കടന്നുപോകുന്നത് -അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Manipur: Case against three women activists including annie raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.