മരട് ഫ്ലാറ്റ് പൊളിക്കാതെ കനത്ത പിഴ ഈടാക്കി തീർപ്പാക്കേണ്ടതായിരുന്നു -സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ്

ന്യൂഡൽഹി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചുവെന്ന് കണ്ടെത്തിയ കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടിയിരുന്നി​​​ല്ലെന്നും കനത്ത പിഴ ഈടാക്കി കേസ് തീർപ്പാക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ്. മരട് ഫ്ലാറ്റ് കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രധാന നിരീക്ഷണം. ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നൽകുന്ന ജഡ്ജിയാണ് ബി.ആർ. ഗവായ്.

കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് & ഡവലപേഴ്സ് നിർമിച്ച കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, കെ.പി.വര്‍ക്കി & ബില്‍ഡേഴ്സ് നിർമിച്ച കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റ്, ജെയിന്‍ ഹൗസിങ് ആൻഡ് കണ്‍സ്ട്രക്‌ഷന്‍സ് നിര്‍മിച്ച നെട്ടൂർ കേട്ടേഴത്ത് കടവ് ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണ് തീരദേശപരിപാലന നിയമം ലംഘിച്ചതിന് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചത്.

ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നത്. നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കി ഫ്ലാറ്റുകൾ സംരക്ഷിക്കണമെന്ന വാദം അന്ന് സുപ്രീം കോടതിയിൽ ഉയർന്നിരുന്നുവെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയേ മതിയാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ഫ്ലാറ്റ് നിർമാക്കളായ ഗോൾഡൻ കായലോരത്തിന് വേണ്ടി രാജ്യസഭാംഗം ഹാരിസ് ബീരാൻ ഹാജരായി. തീരദേശ പരിപാലന നിയമം ലംഘിച്ചതിനല്ല ഗോൾഡൻ കായലോരത്തിന് നോട്ടീസ് ലഭിച്ചതെന്നും അക്കാര്യം കണക്കിലെടുക്കാതെയാണ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ഹാരിസ് ബീരാൻ കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും വിവിധ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകരായ കെ. പരമേശ്വർ, പി. ബി കൃഷ്ണൻ, അഭിഭാഷകരായ കെ. രാജീവ്, എ. കാർത്തിക്, വെങ്കിട്ട സുബ്രഹ്മണി എന്നിവരും ഹാജരായി.

Tags:    
News Summary - Maradu Flats Demolition Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.