ന്യൂഡൽഹി: 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സമാജ്വാദി പാർട്ടിക്കെതിരെ കടുത്ത പ്രതികരണങ്ങളുമായി ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി. സമാജ്വാദി പാർട്ടി നേതാവിനും അഖിലേഷ് യാദവിനും എതിരെയായിരുന്നു വിമർശനം
ചെറുരാഷ്ട്രീയ പാർട്ടികളെ ഒപ്പം ചേർത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഖിലേഷ് യാദവിെൻറ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി മായാവതി രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ വലിയ പാർട്ടികളെല്ലാം എസ്.പിയോട് അകലം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് കാരണം പാർട്ടിയുടെ പ്രവർത്തന രീതിയും ദലിത് വിരുദ്ധ ചിന്തകളാണെന്നും മായാവതി പറഞ്ഞു.
സമാജ്വാദി പാർട്ടി ഇപ്പോൾ നിസ്സഹായരാണ്. അതിനാലാണ് ചെറുപാർട്ടികളെ ഒപ്പം ചേർത്ത് മത്സരത്തെ നേരിടാൻ ഒരുങ്ങുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു. ട്വീറ്റുകളിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
'സമാജ്വാദി പാർട്ടിയുടെ സ്വാർഥവും ഇടുങ്ങിയതും ദലിത് വിരുദ്ധമായ ചിന്തയുടെയും പ്രവർത്തനരീതിയുടെയും കയ്പേറിയ അനുഭവങ്ങൾ കാരണം എല്ലാ വലിയ പാർട്ടികളും അവരിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ചെറുപാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ അവർ നിർബന്ധിതരാകുന്നു' -മായാവതി പറഞ്ഞു.
അതേസമയം, യു.പി തെരഞ്ഞെടുപ്പിൽ മികച്ച പ്രതീക്ഷയിലാണ് അഖിലേഷ് യാദവും പാർട്ടിയും. 2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നായിരുന്നു അഖിലേഷ് യാദവിെൻറ പ്രതികരണം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി എസ്.പിയും ബി.എസ്.പിയും സഖ്യത്തിലേർെപ്പട്ടിരുന്നു. എന്നാൽ, ബി.എസ്.പിക്ക് 10 സീറ്റുകളും എസ്.പിക്ക് അഞ്ചുസീറ്റുകളും മാത്രമാണ് നേടാനായത്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മായാവതി ഇനി എസ്.പിയുമായി ചേർന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.