ന്യൂഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റു ധാരണകളിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയെന്നോണം രണ്ടു പാർട്ടികളുടെയും നായക നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആപ് എം.പി രാഘവ് ഛദ്ദക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.
പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ പാർട്ടി നേതാക്കളുടെ ഓൺലൈൻ യോഗത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. ഇൻഡ്യ അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഖാർഗെക്ക് കെജ്രിവാൾ പൂച്ചെണ്ട് കൈമാറി. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ സീറ്റു ധാരണയാണ് ഇരു നേതാക്കളും ചർച്ച ചെയ്തത്. ചർച്ചകൾ തുടരും.
കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി നടത്തിയ മുന്നേറ്റം വഴി രണ്ടു പാർട്ടികളും ശത്രുതാ മനോഭാവത്തോടെയാണ് നീങ്ങിയിരുന്നത്. സീറ്റു ധാരണയിൽ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കൾക്ക് എതിർപ്പുണ്ട്. അതു മറികടക്കുന്നതിന്റെ സൂചനയാണ് പുതിയ സൗഹാർദ ചിത്രം.ആപ് അധികാരത്തിലുള്ള ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ നീക്കുപോക്കുകൾക്ക് തത്തുല്യമായ നിലയിൽ ആപ് വേരോട്ടം നേടുന്ന ഹരിയാന, ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരിഗണന നൽകണമെന്ന ആവശ്യമാണ് പ്രധാനമായും ആപ് മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.