ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗ്-രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമം നടന്നതായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മുകശ്മീർ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി. തന്റെ പാർട്ടി പ്രവർത്തകരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതായും മെഹബൂബ ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വൻ കൃത്രിമം നടക്കുന്നതായി പരാതി ലഭിച്ചതായും മെഹബൂബ പറഞ്ഞു.
തുടർന്ന് അവർ പാർട്ടി പ്രവർത്തകർക്കൊപ്പം പോളിങ് കേന്ദ്രത്തിനു പുറത്തെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനന്തനാഗ്-രജൗരി മണ്ഡലത്തിൽ നിന്നാണ് മെഹബൂബ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. നാഷനൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് അഹ്മദ് ആണ് എതിരാളി. അപ്നി പാർട്ടിയുടെ സഫർ ഇഖ്ബാൽ മൻഹാസും രംഗത്തുള്ളതിനാൽ ഇക്കുറി മണ്ഡലത്തിൽ ത്രികോണമത്സരമാണ് നടക്കുന്നത്. അന്തനാഗ്-രജൗരി ഉൾപ്പെടെ കശ്മീരിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസിന്റെ ഹസ്നെയ്ൻ മസൂദി മെഹബൂബ മുഫ്തിയെ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ മുതൽ തന്റെ മൊബൈൽ നമ്പറിലെ ഔട്ട്ഗോയിങ് കോളുകൾ നിർത്തിവെച്ചതായും മെഹബൂബ പരാതിപ്പെട്ടു. രാവിലെ മുതൽ ഫോണിൽ ആരെയും വിളിക്കാൻ സാധിക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ ഇങ്ങനെ ഔട്ട്ഗോയിങ് കോൾ സർവീസ് റദ്ദാക്കിയതിന് അധികൃതർ വിശദീകരണവും നൽകിയിട്ടില്ല.-മെഹബൂബ പറഞ്ഞു. പി.ഡി.പി പ്രവർത്തകരെ അന്യായമായ അറസ്റ്റ് ചെയ്തതിന് എതിരെ മെഹബൂബ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. എന്നാൽ വളരെ ചുരുക്കം പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും അത് വോട്ടെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നത് മുന്നിൽ കണ്ടാണെന്നും അനന്തനാഗ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.