കാണാതായ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

റായ്പൂർ: ഛത്തീസ്ഗഢിലെ കബീർധാം ജില്ലയിൽനിന്ന് കാണാതായ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബൊക്കർഖർ ഗ്രാമമുഖ്യനും കൂട്ടാളികളുമായ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രാദേശിക പത്രത്തിൽ മാധ്യമപ്രവർത്തകനായിരുന്ന വിവേക് ​​ചൗബേ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ കുഴിച്ചിട്ട ഇദ്ദേഹത്തിന്‍റെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്.

നവംബർ 12 നാണ് വിവരാവകാശ പ്രവർത്തകൻ കൂടിയായ വിവേകിനെ കാണാതായത്. അന്ന് കവർധ ടൗണിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. 16ന് പൊലീസ് പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം നൽകുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനുപിന്നാലെ, ഇപ്പോൾ പിടിയിലായ ഗ്രാമമുഖ്യനും വിവേകിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഇത് പൊലീസിന് സംശയമുണ്ടാക്കുകയായിരുന്നു.

ഛത്തീസ്ഗഢ് - മധ്യപ്രദേശ് അതിർത്തിയോട് ചേർന്ന മാവോവാദി മേഖലയായ കുന്ദപാണി ഗ്രാമത്തിൽ വിവേകിനെ അവസാനമായി കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമമുഖ്യനും കൂട്ടാളികളും അറസ്റ്റിലായത്. നവംബർ 12 രാത്രി തർക്കം ഉണ്ടായതിനെ തുടർന്ന് വിവേകിന്‍റെ തലക്ക് വടികൊണ്ട് അടിക്കുകയായിരുന്നെന്ന് ഗ്രാമമുഖ്യൻ മൊഴി നൽകി.

News Summary - Missing Chhattisgarh Journalist Burnt Body Found In Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.