മുരശൊലി സെൽവന്‍റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സ്റ്റാലിൻ; ‘എന്‍റെ സഹോദരൻ, ചെറുപ്പം മുതലുള്ള മാർഗദർശി’

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) മുഖപത്രമായ മുരശൊലിയുടെ മുൻ എഡിറ്ററും ബന്ധുവുമായ മുരശൊലി സെൽവന്‍റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. അന്ത്യോപചാരം അമർപ്പിക്കാൻ എത്തിയ സ്റ്റാലിന്‍, സെൽവന്‍റെ ഭൗതിക ശരീരത്തിൽ കൈവെച്ച് വിങ്ങിപ്പൊട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനെ ആശ്വസിപ്പിച്ചു.

സെൽവന്‍റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സ്റ്റാലിൻ അനുസ്മരണ കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. 'എന്‍റെ പ്രിയ സഹോദരൻ മുർശൊലി സെൽവം, ചെറുപ്പം മുതലേയുള്ള എന്‍റെ മാർഗദർശി, ചുമതലകൾ നിർവഹിക്കുന്നതിൽ എനിക്ക് ഉപദേശം നൽകി, പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തമായ പരിഹാരങ്ങൾ നിർദേശിച്ചു, സംഘടനക്കൊപ്പം എന്‍റെ വളർച്ചയിൽ തോളോടുതോൾ ചേർന്ന് നിന്നു. മുഖ്യകലാകാരന്‍റെ വേർപാടിന് ശേഷം എനിക്ക് ചാരിനിൽക്കാനുള്ള ആ അവസാന തോളും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു - തത്വത്തിന്‍റെ സ്തംഭം' -സ്റ്റാലിൻ അനുസ്മരിച്ചു

അന്തരിച്ച ഡി.എം.കെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ മരുമകനും മുൻ കേന്ദ്രമന്ത്രി മുരശൊലി മാരന്‍റെ സഹോദരനുമാണ് മുരശൊലി സെൽവം. സെൽവത്തിന് ഭാര്യ സെൽവി കരുണാനിധിയുടെ മകളും സ്റ്റാലിന്‍റെ സഹോദരിയുമാണ്. ഒരു മകളുണ്ട്.

ഇന്ന് രാവിലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുരശൊലി സെൽവൻ ബംഗളൂരുവിൽവെച്ച് മരണപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമാകുന്നത് വരെ ശെൽവം, മുരശൊലി പത്രത്തിന്‍റെ എഡിറ്ററായി തുടർന്നു. കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് നിലവിൽ പത്രത്തിന്‍റെ ചുമതല.

Tags:    
News Summary - MK Stalin paid tribute to former editor of 'Murasoli' newspaper Murasoli Selvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.