ചെന്നൈ: കരുണാനിധിയും ജയലളിതയും വിടവാങ്ങിയശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണം അവസാന ഘട്ടത്തിലാകുേമ്പാഴേക്ക് തമിഴ്മക്കൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇക്കുറി തമിഴകം ഭരിക്കേണ്ടത് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻതന്നെ. അഞ്ചു വർഷം ഭരിച്ച അണ്ണാ ഡി.എം.കെ സഖ്യത്തെ തറപറ്റിച്ച് ഡി.എം.കെ സഖ്യത്തെ വൻ വിജയത്തിലേക്ക് നയിച്ച സ്റ്റാലിൻ അടുത്തദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2016ൽ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഭരണം ഇക്കുറി കൈപ്പിടിയിലെത്തിയതിന് പിന്നിൽ ഈ നായകെൻറ അഞ്ചു വർഷത്തെ ചിട്ടയാർന്ന പ്രയത്നങ്ങളുണ്ട്. വോട്ട് ഭിന്നിക്കാതിരിക്കാനും മതേതര പാർട്ടികളുടെ സാന്നിധ്യം നിലനിർത്താനും കോൺഗ്രസ്, ഇടതുകക്ഷികൾ, മുസ്ലിം ലീഗ്, എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടികളെയെല്ലാം ഒരേ ചരടിൽ കോർത്ത് നടത്തിയ വിദഗ്ധമായ കരുനീക്കങ്ങളും.
1953 മാർച്ച് ഒന്നിന് കരുണാനിധിയുടെയും ദയാളു അമ്മാളുടെയും മകനായി ജനനം. റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിെൻറ ഓർമക്കാണ് കരുണാനിധി മകന് ഇങ്ങനെ പേരിട്ടത്. മദ്രാസ് യൂനിവേഴ്സിറ്റിയിലെ ദി ന്യൂ കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി.
1967ൽ 14ാം വയസ്സിൽ അടുത്ത ബന്ധുവായ മുരശൊലി മാരന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാണ് തുടക്കം. '73ൽ ഡി.എം.കെ ജനറൽ കൗൺസിൽ അംഗം, പിന്നീട് ട്രഷറർ, വർക്കിങ് പ്രസിഡൻറ് സ്ഥാനങ്ങൾ അലങ്കരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം തടവിലായി. 1989 മുതൽ ആയിരം വിളക്ക് മണ്ഡലത്തിൽനിന്ന് നാലു തവണയും കൊളത്തൂർ സീറ്റിൽനിന്ന് മൂന്നു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'96ൽ ചെന്നൈയിലെ വോട്ടർമാർ നേരിട്ട് തെരഞ്ഞെടുത്ത ആദ്യ മേയറായി. 53ാം വയസ്സിലാണ് ആദ്യമായി മന്ത്രിയായത്. 2006ലെ കരുണാനിധി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ- ഗ്രാമീണ വികസന മന്ത്രിയും പിന്നീട് ഉപമുഖ്യമന്ത്രിയുമായി. 2013 ജനുവരി മൂന്നിന് സ്റ്റാലിനായിരിക്കും പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിച്ചു. 2016ൽ നിയമസഭ പ്രതിപക്ഷ നേതാവും. 2017 ജനുവരിയിൽ സ്റ്റാലിൻ പാർട്ടി വർക്കിങ് പ്രസിഡൻറായി.
പ്രവർത്തകരുടെ 'ദളപതി' 'തലൈവർ' ആയശേഷം നടന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് നേടിയത്. ഇതോടെ പാർട്ടിയിൽ അനിഷേധ്യ നേതാവായി. കരുണാനിധിയുടെ മരണശേഷം മൂത്ത സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അഴഗിരി പാർട്ടിയിൽ കടന്നുകൂടാൻ ശ്രമിച്ചെങ്കിലും സ്റ്റാലിൻ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
ഒരേ രത്തം, മക്കൾ ആണയിട്ടാൽ എന്നീ സിനിമകളിലും ചില ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1978ൽ 'നമ്പിക്കൈ നക്ഷത്രം' എന്ന സിനിമയുടെ നിർമാതാവുമായിരുന്നു. ഭാര്യ: ദുർഗ സ്റ്റാലിൻ. മക്കൾ: ഉദയ്നിധി, ചെന്താമരൈ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.