ബസവരാജ് ഹൊരട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ജെ.ഡി.എസിന്‍റെ മുതിർന്ന നേതാവ് ബസവരാജ് ഹൊരട്ടി ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ബംഗളൂരു: വടക്കൻ കർണാടകയിൽനിന്നുള്ള ജെ.ഡി-എസിന്‍റെ ശക്തനായ നേതാവും നിയമ നിർമാണ കൗൺസിൽ ചെയർമാനുമായ ബസവരാജ് ഹൊരട്ടി ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിലെത്തിയ അമിത് ഷായെ നേരിട്ട് കണ്ട് ബി.ജെ.പിയിൽ ചേരുന്നതിനുള്ള സമ്മതം ഹൊരട്ടി അറിയിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ, മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

നേരത്തെ ഹൊരട്ടി ബി.ജെ.പിയിൽ ചേർന്നുവെന്ന തരത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസ് പ്രസ്താവന നൽകിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. നിയമ നിർമാണ കൗൺസിൽ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്നും ബി.ജെ.പിയിൽ ചേരാൻ അമിത് ഷാ ക്ഷണിച്ചുവെന്നും അതിനുള്ള സമ്മതം അറിയിച്ചെന്നും കൂടിക്കാഴ്ചക്കുശേഷം ബസവരാജ് ഹൊരട്ടി പറഞ്ഞു. കൗൺസിലിൽ ഡെപ്യൂട്ടി ചെയർമാനില്ലാത്തതിനാൽ പെട്ടെന്ന് രാജിവെക്കുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെയർമാൻ സ്ഥാനം മെയ് 11ന് രാജിവെച്ച് മെയ് 12ന് ഹൊരട്ടി ബി.ജെ.പിയിൽ ചേരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത നേതാക്കൾ അറിയിക്കുന്നത്. വടക്കൻ കർണാടകയിൽ ജെ.ഡി-എസിന് മേൽവിലാസമുണ്ടാക്കി കൊടുത്ത മുതിർന്ന ലിംഗായത്ത് നേതാവാണ് 76കാരനായ ബസവരാജ് ഹൊരട്ടി. ജെ.ഡി-എസ് വിടുന്നുവെന്ന ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ മാസം ആദ്യമാണ് ബി.ജെ.പിയിൽ ചേരുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. തന്‍റെ തീരുമാനം എച്ച്.ഡി കുമാരസ്വാമിയെ അറിയിച്ചപ്പോൾ ഏതിരഭിപ്രായം പറഞ്ഞില്ലെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു.

ജെ.ഡി-എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ബസവരാജ് ഹൊരട്ടിയെ വരുന്ന എം.എൽ.സി തെരഞ്ഞെടുപ്പിൽ വെസ്റ്റ് അധ്യാപക മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനാണ് ബി.ജെ.പി നേത്യത്വം ആലോചിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിവിധ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളിലെ പ്രബലരായ നേതാക്കളെ പാളയത്തിലെത്തിക്കാൻ ബി.ജെ.പിയിൽ ചരടുവലി സജീമാണ്.

എം.എൽ.സി സ്ഥാനത്ത് 42 വർഷം പൂർത്തിയാക്കിയ ബസവരാജ് ഹൊരട്ടി 1980ൽ സ്വതന്ത്രനായി നിയമ നിർമാണ കൗൺസിലിലേക്ക് മത്സരിച്ചു ജയിച്ചശേഷമാണ് ജെ.ഡി-എസിലെത്തുന്നത്. . 1980 മുതൽ തുടർച്ചയായി ഏഴു തവണ നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് റെക്കോഡ് നേടിയ നേതാവാണ്. കർണാടക വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽനിന്നാണ് എം.എൽ.സിയായി വിജയിച്ചത്. ജനതാ പരിവാർ നേതാക്കളായ രാമകൃഷ്ണ ഹെഗ്ഡെ, ജെ.എച്ച്. പട്ടേൽ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. ജെ.ഡി-എസ്-ബി.ജെ.പി സഖ്യ സർക്കാരിലും ജെ.ഡി-എസ്-കോൺഗ്രസ് സഖ്യ സർക്കാരിലും മന്ത്രിയായിരുന്നു. ഹൊരട്ടി ബി.ജെ.പിയിലെത്തുന്നതോടെ വടക്കൻ കർണാടകയിൽ സാന്നിധ്യം ഉറപ്പിക്കുകയെന്നത് ജെ.ഡി-എസിന് വെല്ലുവിളിയായി മാറും. അദ്ദേഹത്തിന്‍റെ അനുയായികൾ ഉൾപ്പെടെ ജെ.ഡി-എസിൽനിന്ന് ബി.ജെ.പിയിലേക്ക് പോകാനുള്ള സാധ്യതയുമേറി. വടക്കൻ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ യാഡ്ഡള്ളി സ്വദേശിയാണ് ബസവരാജ് ഹൊരട്ടി. 

Tags:    
News Summary - MLC Basavaraj Horatti joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.