സിംഡേഗ: വിശുദ്ധമെന്ന് നാട്ടുകാർ വിശ്വസിക്കുന്ന മരങ്ങൾ പതിവായി മുറിക്കുന്നെന്ന് ആരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. ഝാർഖണ്ഡിലെ സിംഡേഗ ജില്ലയിലെ ബെസരാജ്ര ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. മരംവെട്ടിയായ സഞ്ജു പ്രധാൻ എന്ന 30കാരനെയാണ് കോപാകുലരായ ഗ്രാമീണർ തല്ലിക്കൊന്ന് കത്തിച്ചത്.
ഇവിടുത്തെ മുണ്ട സമുദായം വിശുദ്ധമെന്ന് വിശ്വസിക്കുന്ന മരങ്ങൾ പതിവായി വെട്ടുകയും അതിന്‍റെ ചില്ലകൾ വിൽക്കുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സഞ്ജുവിനെ ക്രൂരമായി മർദിച്ചുകൊന്നത്. സമുദായക്കാർ വളരെ പ്രാധാനം കൽപ്പിച്ച് ഒരു പ്രത്യേക സ്ഥലത്ത് നട്ടുപിടിച്ചിരിക്കുന്ന മരങ്ങൾ ഇയാൾ പതിവായി മുറിച്ചിരുന്നു. ഇത് തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജുവിനെതിരെ പലതവണ ഇവർ വനംവകുപ്പിൽ പരാതിപ്പെട്ടിരുന്നു.
ഒക്ടോബറിൽ മരങ്ങൾ മുറിച്ചതിനെ തുടർന്ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലയെന്ന് ഗ്രാമീണർ പറയുന്നു. രണ്ട് ദിവസം മുമ്പും സഞ്ജു ഇവിടെയെത്തി മരം മുറിച്ചു. തുടർന്ന് സമുദായക്കാർ യോഗം ചേരുകയും സഞ്ജു പ്രധാനെ അടിച്ചുകൊല്ലാൻ തീരുമാനമെടുക്കുകയുമായിരുന്നുവെന്ന് സിംഡേഗ പൊലീസ് പറഞ്ഞു.
തുടർന്ന് 150ഓളം പേർ സഞ്ജുവിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പുറത്തേക്ക് വലിച്ചിറക്കി മരിക്കുന്നതുവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരാജ്ര ബസാർ പ്രദേശത്ത് കണ്ടെത്തി. മൃതദേഹം അധികൃതർക്കു വിട്ടുകൊടുക്കാൻ നാട്ടുകാർ ആദ്യം തയ്യാറായില്ല. പൊലീസ് അനുനയിപ്പിച്ച ശേഷമാണ് നാട്ടുകാർ മൃതദേഹം വിട്ടുകൊടുത്തത്. ഡിസംബർ 21നാണ് ഝാർഖണ്ഡ് നിയമസഭ 'ആൾക്കൂട്ട അതിക്രമങ്ങൾ തടയുന്നതിനുള്ള ബിൽ-2021' പാസാക്കിയത്. ബിൽ അനുസരിച്ച് ഈ കുറ്റം ചെയ്യുന്നവർക്ക് മൂന്നുവർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.