ചണ്ഡിഗഢ്: വിളകൾക്കുള്ള മിനിമം താങ്ങുവിലയുടെ നിയമപരമായ ഗാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സംസ്ഥാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം നിർത്താൻ മോദിജിക്ക് കഴിയുമെങ്കിൽ, ഡൽഹിയിൽനിന്ന് 200 കിലോമീറ്റർ മാത്രം അകലെ ഇരിക്കുന്ന കർഷകരോട് സംസാരിക്കാൻ മോദിജിക്ക് കഴിയില്ലേ? നിങ്ങൾ ഏത് സമയത്തിനാണ് ഇനി കാത്തിരിക്കുന്നത്?- അദ്ദേഹം ചോദിച്ചു.
സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിലുള്ള ഡൽഹി മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുകയാണ് കർഷകർ.
ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തിവരികയാണ്. നിരാഹാരം ഞായറാഴ്ച 27-ാം ദിവസത്തിലേക്ക് കടന്നതിനുപിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിച്ച് കർഷക സംഘടനകളുമായുള്ള ചർച്ചകൾക്ക് വഴി തുറക്കണമെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ മാൻ അഭ്യർഥനയുമായെത്തിയത്. കർഷകരുമായുള്ള ചർച്ച കേന്ദ്രത്തിന്റെ കടമയാണെന്നും ഏത് പ്രശ്‌നവും ചർച്ചയിലൂടെ പരിഹരിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.